ഇസെഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് അമിത് ഷാ; വേണ്ടെന്ന് ഉവൈസി
text_fieldsന്യൂഡൽഹി: വധശ്രമം നേരിട്ട എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി സി.ആർ.പി.എഫ് സുരക്ഷ സ്വീകരിക്കാൻ തയാറാകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷഭീഷണി ഉണ്ടെന്നും ഉവൈസി ഇസെഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്നും അമിത് ഷാ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് മുമ്പും സർക്കാർ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷാ അവകാശപ്പെട്ടു. അതേസമയം, അമിത് ഷായുടെ അഭ്യർഥന അസദുദ്ദീൻ ഉവൈസി നിരസിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതരും രാജ്യത്ത് സുരക്ഷിതരാകുമ്പോൾ ഉവൈസിയും സുരക്ഷിതനാവുമെന്ന് അദ്ദേഹം ആവർത്തിച്ചു.
എ.ഐ.എം.ഐ.എം തലവനും ലോക്‌സഭാ എം.പിയുമായ അസദുദ്ദീൻ ഉവൈസി ഉത്തർപ്രദേശിലെ മീററ്റിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് സഞ്ചരിച്ച കാറിന് നേരെ വെടിവെപ്പ് നടന്നത്.
ഉവൈസി ഡൽഹിയിലേക്ക് വരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി സച്ചിൻ ഛജാർസി ടോൾ പ്ലാസയിൽ നേരത്തെ എത്തി കാത്തുനിന്നു. കാർ ടോൾ ഗേറ്റിനടുത്തെത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെടിയുതിർത്തത് അദ്ദേഹത്തെ കൊലപ്പെടുത്താനാണെന്ന് സച്ചിൻ വെളിപ്പെടുത്തിയിരുന്നു. വലിയ രാഷ്ട്രീയ നേതാവാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഉവൈസിയുടെ പ്രസംഗങ്ങൾ തന്നെ അസ്വസ്ഥനാക്കിയതാണ് വധ ശ്രമത്തിന് കാരണമെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.