നെഹ്റുവിനെതിരായ അമിത് ഷായുടെ വിമർശനം; ഷാക്ക് ചരിത്രമറിയില്ലെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: കശ്മീർ പ്രശ്നത്തിന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പഴിപറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ചരിത്രമറിയില്ലെന്നും അദ്ദേഹം ചരിത്രം തിരുത്തിയെഴുതുന്ന തിരക്കിലാണെന്നും തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് എന്ന പ്രധാന വിഷയത്തിൽനിന്ന് ജനശ്രദ്ധ തെറ്റിക്കാനാണ് ഇത്തരം വാചകക്കസർത്തുകളെന്നും രാജ്യത്തിന്റെ പണം ആരുടെയെല്ലാം കൈകളിലൂടെയാണ് പോകുന്നത് എന്നതുൾപ്പെടെ അറിയാനാണ് ജാതി സെൻസസ് എന്നും രാഹുൽ പറഞ്ഞു.
കശ്മീർ വിഷയത്തിൽ ‘അസമയത്ത്’ വെടിനിർത്തലിന് ഉത്തരവിട്ടതിലും വിഷയം ഐക്യരാഷ്ട്രസഭക്ക് വിട്ടതിലും നെഹ്റുവിന് തെറ്റുപറ്റിയെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയിൽ ആരോപിച്ചിരുന്നു.
ഇതുസംബന്ധിച്ച ചോദ്യത്തിന്, രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു പണ്ഡിറ്റ് നെഹ്റുവിന്റേതെന്നും കാലങ്ങളോളം അദ്ദേഹം ജയിലിൽ കഴിയേണ്ടിവന്നുവെന്നും രാഹുൽ പ്രതികരിച്ചു. ‘‘അടിസ്ഥാന വിഷയമായ ജാതി സെൻസസിൽനിന്നും പങ്കാളിത്തം എന്നതിൽനിന്നും ശ്രദ്ധ തെറ്റിക്കലാണ് ഇതിന്റെയെല്ലാം ലക്ഷ്യം. ആരെല്ലാമാണ് രാജ്യത്തിന്റെ പണം കൈകാര്യം ചെയ്യുന്നതെന്നും അറിയേണ്ടതുണ്ട്. ഇതൊന്നും ചർച്ചയിൽ വരരുതെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. അതിനെയവർ ഭയക്കുന്നു, അതിൽനിന്ന് ഓടിയൊളിക്കുന്നു’’ -പാർലമെന്റിനു മുന്നിൽ രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു.
കോൺഗ്രസ് ഈ വിഷയം മുന്നോട്ടു കൊണ്ടുപോകുമെന്നും പാവപ്പെട്ട ജനങ്ങൾക്ക് അവരുടെ അവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഛത്തിസ്ഗഢിലും മധ്യപ്രദേശിലും ബി.ജെ.പി ഗോത്രവർഗ-ഒ.ബി.സി മുഖ്യമന്ത്രിമാരെ നിയമിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ, ഈ സംസ്ഥാനങ്ങളിൽ തങ്ങൾക്കും ഒ.ബി.സി മുഖ്യമന്ത്രിമാരുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.