മണ്ഡല പുനർനിർണയം: ബി.ജെ.പി നേട്ടം കൊയ്യുക ഇങ്ങനെ; അമിത് ഷാ പറഞ്ഞതിലെ തന്ത്രവും കുതന്ത്രവും
text_fieldsഏറെ നാളായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്കപ്പെടുന്നതും കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെടി പൊട്ടിക്കുകയും ചെയ്ത മണ്ഡല പുനർനിർണയ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിഷേധം സാങ്കേതികമായി ശരിയാണെങ്കിലും ഒളിച്ചിരിക്കുന്നത് വൻ പദ്ധതിയെന്ന് കണക്കുകൾ.
ജനസംഖ്യാനുപാതികമായി മണ്ഡല പുനർനിർണയം നടത്തിയാൽ ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ലോക്സഭ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നതാണ് യാഥാർഥ്യം. ദക്ഷിണേന്ത്യയിൽ മണ്ഡലങ്ങളുടെ എണ്ണം കുറയുന്നതാണ് ഇതിലെ പ്രധാന ഹിഡൺ അജണ്ട.
തമിഴ്നാട്, കർണാടക സംസ്ഥാന മുഖ്യമന്ത്രിമാർ ഇക്കാര്യത്തിലുള്ള വിയോജിപ്പ് അറിയിച്ചുകഴിഞ്ഞു. അതേസമയം, നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണത്തിനുശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേട്ടം ആർക്ക്?
മണ്ഡല പുനർനിർണയം അഥവാ ഡി ലിമിറ്റേഷൻ എന്നത് സർക്കാറിന്റെ ഭരണഘടനപരമായ ഉത്തരവാദിത്തമാണ്. ഓരോ സെൻസസിനുശേഷവും ജനസംഖ്യാനുപാതികമായി വേണം മണ്ഡലങ്ങളുടെ എണ്ണം കണക്കാക്കാൻ. 1951, 61, 71 സെൻസസുകൾക്കുശേഷം കൃത്യമായി ഇത് നടക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത്, ഭരണഘടന ഭേദഗതിയിലൂടെ 2001 വരെ പുനർനിർണയം വേണ്ടെന്നും തീരുമാനിച്ചു. 2001ൽ, മണ്ഡലങ്ങളുടെ അതിർത്തി മാറിയെങ്കിലും എണ്ണത്തിൽ മാറ്റം വരുത്തിയില്ല. ഇപ്പോൾ, ഒരിക്കൽകൂടി പുനർനിർണയത്തിനുള്ള സമയമായിരിക്കുന്നു. 2021ലെ സെൻസസ് നടപടികൾ തുടങ്ങിയിട്ടില്ലെങ്കിലും അടുത്തുതന്നെ ഡി ലിമിറ്റേഷൻ പ്രക്രിയ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പലകുറി വ്യക്തമാക്കിയിട്ടുണ്ട്.
20 ലക്ഷം പേർക്കായി ഒരു ലോക്സഭ മണ്ഡലം എന്നാണ് പുതിയ പുനർനിർണയത്തിന് മാനദണ്ഡമായി പറയുന്നത്. ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇങ്ങനെ ആയിരിക്കും പുനർനിർണയമെന്നതിന്റെ സൂചനകളാണ് വരുന്നത്. അങ്ങനെയെങ്കിൽ ഉറപ്പായും ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 700 കടക്കും; വർധിച്ച സീറ്റുകളിൽ 85 ശതമാനവും ഉത്തരേന്ത്യയിലുമായിരിക്കും. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് കുറയുകയും ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് കുറയില്ലെന്ന അമിത് ഷായുടെ പ്രസ്താവന മുഖവിലക്കെടുത്താൽ പോലും ഉത്തരേന്ത്യയിൽ മണ്ഡലങ്ങളുടെ എണ്ണം കൂടുമെന്നുറപ്പാണ്.
ജനസംഖ്യ നിയന്ത്രണം തിരിച്ചടി
രാജ്യത്ത് ജനസംഖ്യ നിയന്ത്രണ പരിപാടികൾ കൃത്യമായി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് നേട്ടമാകുന്നതാകട്ടെ, ഉത്തരേന്ത്യയിൽ സ്വാധീനമുള്ള ബി.ജെ.പിക്കും. ലോകത്ത് ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമിപ്പോൾ ഇന്ത്യയാണ്. 143 കോടി ജനങ്ങൾ രാജ്യത്തുണ്ട്. ജനസംഖ്യാനുപാതികമായി മണ്ഡലങ്ങളെ തരംതിച്ചാൽ 543 ലോക്സഭ മണ്ഡലങ്ങൾ എന്നത് 753 ആകും.
സംസ്ഥാനങ്ങൾ തിരിച്ച് കണക്കാക്കുമ്പോൾ, യു.പിയിലെ 80 സീറ്റ് 128 ആകും. മഹാരാഷ്ട്രയിലും ബിഹാറിലുമെല്ലാം സമാനമായ ഉയർച്ച കാണാം. എന്നാൽ, ദക്ഷിണേന്ത്യയിൽ കാര്യങ്ങൾ ആകെ മാറിമറിയും. നിലവിൽ 543 സീറ്റിൽ ദക്ഷിണേന്ത്യയിലുള്ളത് 129 സീറ്റാണ്. അത് 753ലേക്ക് ഉയരുമ്പോൾ ദക്ഷിണേന്ത്യയിൽ ആകെ വർധിക്കുക 15 സീറ്റ് മാത്രം. കേരളത്തിൽ ഒരു സീറ്റ് കുറയുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.