അടിയന്തരാവസ്ഥക്ക് 47 വയസ്സ്: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി അമിത് ഷാ
text_fieldsന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖാപനത്തിന് 47 വർഷം പൂർത്തിയാകുന്ന അവസരത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അടിയന്തരാവസ്ഥയിലൂടെ അധികാരത്തിനുവേണ്ടി ഓരോ ഇന്ത്യക്കാരന്‍റെയും ഭരണഘടനാ അവകാശങ്ങൾ കോൺഗ്രസ് കവർന്നെടുത്തെന്ന് അദ്ദേഹം ആരോപിച്ചു.
'1975ൽ ഈ ദിവസം അധികാരത്തിന് വേണ്ടി ഓരോ ഇന്ത്യക്കാരന്‍റെയും ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ക്രൂരതയുടെ കാര്യത്തിൽ വൈദേശിക ഭരണത്തെ പോലും കോൺഗ്രസ് മറികടന്നു. ജനാധിപത്യം പുനഃസ്ഥാപിക്കാനും സ്വേച്ഛാധിപത്യ മനോഭാവത്തെ പരാജയപ്പെടുത്താനും എല്ലാം ത്യജിച്ച ദേശസ്നേഹികൾക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു'-അമിത് ഷാ ട്വീറ്റ് ചെയ്തു.
1975 ജൂൺ 25 അർധരാത്രിയാണ് രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഭരണഘടന അനുഛേദം 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയ അലഹബാദ് ഹൈകോടതി വിധിയെ തുടർന്ന് ഇന്ധിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
18 മാസത്തിന് ശേഷം ഇത് പിൻവലിക്കുകയും 1977ൽ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. തുടർന്ന് 1947ന് ശേഷം ആദ്യമായി കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്താവുകയും ഇന്ദിരാഗാന്ധി റായ്ബറേലിയിൽ നിന്നും മകൻ സഞ്ജയ് ഗാന്ധി അമേഠിയിൽ നിന്നും പരാജയപ്പെടുകയും ചെയ്തു. നേരത്തെ അടിയന്തരാവസ്ഥ കാലത്തെ ക്രൂരമർദനങ്ങളുടെ കാലഘട്ടമെന്ന് അമിത് ഷാ വിശേഷിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.