അഞ്ച് വർഷം, ഇരട്ടി വളർച്ച; അമിത് ഷായുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. അഞ്ച് വർഷത്തിനിടെ ഷായുടെ സ്വത്തുക്കൾ ഇരട്ടിയായതായും കുത്തനെ വളർന്നതായുമാണ് കണക്കുകൾ. നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഷായുടെ സ്വത്ത് വിവരങ്ങൾ പുറത്തിറങ്ങിയത്.
സമ്പത്ത് ഇരട്ടിയായെങ്കിലും സ്വന്തമായി കാറില്ലെന്നാണ് അമിത് ഷായുടെ പരാമർശം. കൈയിൽ 24,000 രൂപ മാത്രമാണ് പണമായുള്ളത്. ഷായും ഭാര്യ സോനാൽ ഷായും ചേർന്നുള്ള സ്വത്ത് അഞ്ച് വർഷത്തിനിടെ 71 ശതമാനം വളർന്ന് 65.7 കോടി രൂപയിലെത്തിയെന്നാണ് ഷാ നൽകിയ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരിക്കുന്നത്. മ്യൂചൽ ഫണ്ട്, സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾ, സ്വർണം തുടങ്ങിയവയിലാണ് ബാക്കി പണം. 242ഓളം കമ്പനികളിലായി ഇരുവരുടെയും നിക്ഷേപങ്ങൾ വ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതിൽ പത്തോളം കമ്പനികളിൽ ഒരുകോടി രൂപ വീതം ഇരുവരും നിക്ഷേപിച്ചിട്ടുണ്ട്.
ഭാര്യ സോനൽ ഷായുടെ ആസ്തി 31 കോടി രൂപയാണ്. 22.46 കോടിയുടെ ജംഗമ വസ്തുക്കളും ഒൻപത് കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഇതിലുള്ളത്. ഇതോടൊപ്പം 1.10 കോടി രൂപയുടെ ആഭരണങ്ങളുമുണ്ട്. രണ്ടുപേർക്കുമായി ആകെ 65.67 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്നാണു തൊഴിൽ കോളത്തിൽ അമിത് ഷാ ചേർത്തിരിക്കുന്നത്. മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുള്ളതായും വെളിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.