ആന്ധ്രയിൽ വീണ്ടും വാതകച്ചോർച്ച; ഒരു മരണം
text_fieldsകർണൂൽ: ആന്ധ്രപ്രദേശിലെ കർണൂലിൽ അമോണിയ വാതകം ചോർന്ന് ഒരാൾ മരിച്ചു. നന്ധ്യാലിലെ സ്പൈ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി മാനേജർ ശ്രീനിവാസ റാവു (50) ആണ് മരിച്ചത്. നാലുപേരെ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറ്റകുറ്റപ്പണി കഴിഞ്ഞ് ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് ദുരന്തം. രാവിലെ 9.45 നും 10നും ഇടയിൽ അമിത മർദ്ദത്തെതുടർന്ന് പൈപ്പ് ലൈൻ പൊട്ടി അമോണിയ വാതകം ചോരുകയായിരുന്നു. ഫാക്ടറി പരിസരത്ത് ജോലി ചെയ്യുന്ന എല്ലാവരെയും ഉടൻ ഒഴിവാക്കി.
പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ ശ്രീനിവാസ റാവു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിമ്മ റെഡ്ഡി, തിരുമല, രവി, ആദിനാരായണ എന്നീ തൊഴിലാളികളാണ് ആശുപത്രിയിലുള്ളത്. ഇവരുടെ നില തൃപ്തികരമാണെന്ന് ജില്ല കലക്ടർ ജി. വീരപാണ്ഡ്യൻ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ചോർച്ച നിയന്ത്രിക്കുന്നുണ്ടെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.