മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആംനെസ്റ്റി
text_fieldsന്യൂഡൽഹി: മുസ്‌ലിംകളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണൽ. ഇതുസംബന്ധിച്ച് രണ്ട് റിപ്പോർട്ടുകൾ ആംനെസ്റ്റി പുറത്തുവിട്ടു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ അനധികൃത നിർമാണമെന്നാരോപിച്ച് മദ്രസ തകർത്ത സംഭവം വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് ആംനെസ്റ്റിയുടെ റിപ്പോർട്ട്.
'നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് പൊളിക്കും; ഇന്ത്യയിലെ ബുൾഡോസർ രാജ്', 'ഉത്തരവാദിത്തം കണ്ടെത്തൽ; ഇന്ത്യയിലെ ബുൾഡോസർ രാജിൽ ജെ.സി.ബിയുടെ പങ്കും ചുമതലയും' എന്നീ തലക്കെട്ടുകളിലാണ് ആംനെസ്റ്റി റിപ്പോർട്ടുകൾ. ആറ് സംസ്ഥാനങ്ങളിലെ പൊളിക്കലുകളെ കുറിച്ചാണ് ഇവയിൽ വിശദീകരിക്കുന്നത്. നിയമത്തിനതീതമായ ശിക്ഷ എന്ന നിലക്കാണ് അധികൃതർ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അസം, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി, ഹരിയാന എന്നിവിടങ്ങളിലെ ബുൾഡോസർ രാജിനെ കുറിച്ചാണ് ആംനെസ്റ്റി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പൊളിക്കലുകൾ നടത്തുന്നവർ നിയമനടപടികളിൽ നിന്നു പോലും സംരക്ഷിതരാണ്. മുംബൈയിലെ മിറ റോഡിൽ രാമക്ഷേത്ര റാലിക്ക് പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്ത സംഭവം ഇതിന് ഉദാഹരണമായി എടുത്തുപറയുന്നു.
കൈയേറ്റങ്ങളുടെയും മറ്റും പേരുപറഞ്ഞ് നടപടികളെടുക്കുമ്പോൾ വലിയ വിവേചനം കാട്ടുന്നു. മുസ്‌ലിംകളുടെ സ്വത്തുക്കൾ വ്യാപകമായി ലക്ഷ്യംവെക്കപ്പെടുമ്പോൾ തൊട്ടടുത്തുള്ള ഹിന്ദുക്കളുടെ സ്വത്തുകൾ തൊടുന്നില്ല. ഈയൊരു അന്യായ ശിക്ഷാരീതി കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ അവസാനിപ്പിക്കണമെന്നും, ബുൾഡോസർ രാജിന്‍റെ ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആംനെസ്റ്റി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
2022 ഏപ്രിലിനും ജൂണിനും ഇടയിൽ 128 പൊളിക്കൽ സംഭവങ്ങളാണ് അസം, ഡെൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി എന്നിവിടങ്ങളിൽ ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും മുസ്‌ലിംകളുടെതാണ്. 617 കുടുംബങ്ങളെയാണ് ഇത് നേരിട്ട് ബാധിച്ചത്. പലർക്കും വീടില്ലാതാവുകയും ഉപജീവനമാർഗം നഷ്ടമാവുകയും ചെയ്തു.
വംശീയ സംഘർഷങ്ങളുടെ മറവിലോ മുസ്‌ലിംകൾ വിവേചനങ്ങൾക്കെതിരെയോ ബി.ജെ.പി നേതാക്കളുടെ വർഗീയ പ്രസ്താവനകൾക്കെതിരെ പ്രതികരിക്കുമ്പോഴോ ആണ് അതിനെതിരായ നടപടിയെന്ന നിലയിൽ ബുൾഡോസർ രാജ് നടക്കുന്നതെന്ന് ആംനെസ്റ്റി നിരീക്ഷിക്കുന്നു. മുതിർന്ന ബി.ജെ.പി നേതാക്കളുടെ നിർദേശത്തോടുകൂടിയാണ് പൊളിക്കലുകൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജെ.സി.ബി എന്ന കമ്പനിയുടെ ബുൾഡോസർ യന്ത്രം ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ ആയുധമായി പരിണമിക്കുകയാണ്. 'ജിഹാദികളെ തകർക്കുന്ന ബുൾഡോസർ' എന്ന പ്രയോഗം തന്നെ വന്നുകഴിഞ്ഞു. തങ്ങളുടെ ഉൽപ്പന്നത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആയുധമാക്കി മാറ്റുന്നതിനെ ജെ.സി.ബി പരസ്യമായി തള്ളിപ്പറയണമെന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ അധികൃതർ ജെ.സി.ബി ഉൽപ്പന്നത്തെ ദുരുപയോഗം ചെയ്യുന്നതിൽ കമ്പനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആംനെസ്റ്റി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.