ഫോൺ ചോർത്തൽ വിവാദത്തിൽ കണ്ടെത്തിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആംനസ്റ്റി
text_fieldsന്യൂഡൽഹി: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്നു കണ്ടെത്തിയ 'പെഗസസ് പ്രോജക്ടി'ലെ വിവരങ്ങൾ പൂർണമായും ശരിയാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വിഷയത്തിന്റെ ഗൗരവത്തിൽനിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള ശ്രമങ്ങളാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ. വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളും ആംനസ്റ്റിയും ചേർന്ന് നടത്തിയ 'പെഗസസ് പ്രോജക്ട്' എന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി നേതാക്കൾ പ്രചാരണം അഴിച്ചുവിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ആംനസ്റ്റി പ്രസ്താവന പുറപ്പെടുവിച്ചത്.
'ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടത്തിയ ആംനസ്റ്റിയെ നിരോധിക്കണ'മെന്ന് അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വ ശർമ ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് തങ്ങളുടെ കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് സംഘടന പ്രഖ്യാപിച്ചത്. ''കണ്ടെത്തിയ കാര്യങ്ങളിൽ ഞങ്ങൾ അസന്ദിഗ്ധമായി ഉറച്ചു നിൽക്കുന്നു. എൻ.എസ്.ഒയുടെ പെഗസസ് ചാര സോഫ്റ്റ്വെയറിന്റെ നിരീക്ഷണത്തിൽപെട്ട വിവരങ്ങളാണ് ഞങ്ങൾ കണ്ടെത്തിയത്. മാധ്യമപ്രവർത്തകർക്കും സാമൂഹികപ്രവർത്തകർക്കും മറ്റുള്ളവർക്കുമെതിരെ നടത്തിയ വ്യാപക നിരീക്ഷണങ്ങളുടെ ഗൗരവം കുറക്കാനാണ് ആംനസ്റ്റിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും നടത്തുന്ന പ്രചാരണങ്ങൾ.'' -സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ചോർത്തിയെന്ന് ആരോപിക്കപ്പെടുന്ന ഫോണുകളൊന്നും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്ന അസം മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളമാണെന്നു പറഞ്ഞ ആംനസ്റ്റി, അവ കൃത്യമായ പരിശോധനക്ക് വിധേയമാക്കിയിരുന്നുവെന്ന് കൂട്ടിച്ചേർത്തു. ഒരു ക്ലിക്ക് പോലും വേണ്ടാതെ ഫോണുകളിൽ നുഴഞ്ഞുകയറാൻ കഴിയുന്ന പെഗസസ് ചാര സോഫ്റ്റ്വെയറുകളുടെ സാന്നിധ്യം അങ്ങനെയാണ് മനസ്സിലാക്കിയതെന്നും സംഘടന പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ കടുത്ത വേട്ടയാടൽമൂലം ആംനസ്റ്റി 2020ൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.