'ഇന്ത്യ എംപ്ലോയ്‌മെന്‍റ് റിപ്പോർട്ട് 2024'; രാജ്യത്തെ തൊഴിൽരഹിതരിൽ 83% യുവാക്കൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ തെഴിൽ രഹിതരായ യുവാക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷനും (ഐ.എൽ.ഒ) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്‍റും (ഐ.ഐ.എച്.ഡി) സംയുക്തമായി സമാഹരിച്ച 2024 ലെ ഇന്ത്യ എംപ്ലോയ്‌മെന്‍റ് റിപ്പോർട്ട് അനുസരിച്ച് 2022-ൽ രാജ്യത്തെ മൊത്തം തൊഴിലില്ലാത്തവരിൽ 83% യുവാക്കളാണ്. ഗ്രാമീണ മേഖലയിലെ 17.5% യുവാക്കൾ മാത്രമാണ് സ്ഥിരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സി.ഇ.എ) വി. അനന്ത നാഗേശ്വരനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടനുസരിച്ച് രാജ്യത്തെ തൊഴിലില്ലാത്തവരിൽ വിദ്യാസമ്പന്നരായ യുവാക്കളുടെ പങ്ക് 2000-ൽ 54.2% ആയിരുന്നത് 2022-ൽ 65.7% ആയി വർധിച്ചതായി വ്യക്തമാക്കി. കണക്കിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്.
2000-ൽ, മൊത്തം തൊഴിൽ ചെയ്യുന്ന യുവജന ജനസംഖ്യയുടെ പകുതിയും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു, 13% പേർക്ക് സ്ഥിരമായ ജോലികളും ബാക്കി 37% പേർക്ക് കാഷ്വൽ ജോലികളും ഉണ്ടായിരുന്നു. 2012ൽ അത് 46%, 21%, 33% ആയിരുന്നു; 2019ൽ 42%, 32%, 26%ഉം, 2022ലെ കണക്ക് 47%, 28%, 25% എന്നതുമാണ്. കോവിഡ് 19ന് ശേഷമാണ് തൊഴിലിൽ കുറവുണ്ടായതെന്ന് ഗവേഷകർ പറയുന്നു.
അടുത്ത ദശകത്തിൽ ഇന്ത്യ 7-8 ദശലക്ഷം യുവാക്കളെ തൊഴിലിലേക്ക് എത്തിക്കുമെന്നും പഠനത്തിൽ പറയുന്നു. ഇതിനായി തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും തൊഴിലിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും തൊഴിൽ കമ്പോളത്തിലെ അസമത്വങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്നും സജീവ തൊഴിൽ കമ്പോളത്തിന്‍റെ കഴിവുകളും നയങ്ങളും ശക്തിപ്പെടുത്തുകയും തൊഴിൽ കമ്പോളത്തിന്‍റെ രീതികളെയും യുവാക്കളുടെ തൊഴിലവസരങ്ങളെയും കുറിച്ചുള്ള വിജ്ഞാനം വർധിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
എല്ലാ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിലും സർക്കാർ ഇടപെടണമെന്ന് കരുതുന്നത് ശരിയല്ലെന്ന് റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കവെ സി.ഇ.എ നാഗേശ്വരൻ പറഞ്ഞു. ഈ ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പ്രതിപക്ഷത്തെ നിരവധി നേതാക്കളാണ് കേന്ദ്ര സർക്കാറിനെതിരെ വിമർശനമുയർത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും എന്നാൽ തൊഴിലില്ലായ്മ പോലെയുള്ള എല്ലാ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിന് കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് മോദി സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പ്രിയ നേതാവിനെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.