ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിപുലമായ അവസരം -മോദി
text_fieldsന്യൂഡൽഹി: മാധ്യമവേട്ടക്കും സമൂഹ മാധ്യമ നിയന്ത്രണങ്ങൾക്കും എതിരെ രാജ്യവ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടയിൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറ്റവുമേറെ അവസരം നൽകുന്ന ജനാധിപത്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുസ്വരതയും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും ജി 20 ഉച്ചകോടിയുടെ തുടർച്ചയായി നടന്ന പാർലമെന്റ് അധ്യക്ഷന്മാരുടെ പി 20 ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ എല്ലാ വിശ്വാസങ്ങളുമുണ്ട്. ഭക്ഷണം, ജീവിത രീതി, ഭാഷ എന്നിവയെല്ലാം നൂറു തരത്തിലാണ്. തൽസമയം വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ 28 ഭാഷകളിലായി 900ൽപരം ടി.വി ചാനലുകൾ. 200ഓളം ഭാഷകളിലായി 33,000ൽപരം ദിനപത്രങ്ങൾ. വിവിധ സമൂഹ മാധ്യമവേദികൾ ഉപയോഗിക്കുന്നവർ മൂന്നു കോടിയിലധികമാണ്.
വിവരവിനിമയത്തിന്റെ വൻതോതിലുള്ള ഒഴുക്കും ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിതാനവുമാണ് ഇത് കാണിക്കുന്നത് -വിവിധ രാജ്യങ്ങളിൽനിന്നുള്ള പാർലമെന്റ് അധ്യക്ഷന്മാർ പങ്കെടുത്ത ഉച്ചകോടിയിൽ മോദി പറഞ്ഞു. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉണ്ടാക്കുന്നതെങ്കിലും രാജ്യം മുന്നോട്ടു നീങ്ങുന്നത് സമവായത്തിലൂടെയാണെന്നും മോദി പറഞ്ഞു.
ഇലക്ട്രോണിക് വോട്ടുയന്ത്രം സുതാര്യമല്ലെന്നും ബാലറ്റ് സമ്പ്രദായം തിരിച്ചു കൊണ്ടുവരണമെന്നും വിവിധ പാർട്ടികൾ ആവശ്യപ്പെടുന്നതിനിടയിൽ, വോട്ടുയന്ത്രം ഏറെ ഫലപ്രദമായ വോട്ടെടുപ്പ് രീതിയാണെന്നും മോദി വാദിച്ചു. വോട്ടുയന്ത്രം തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ സുതാര്യതയും കാര്യക്ഷമതയും കൂട്ടി. മണിക്കൂറുകൾക്കകം ഫലമറിയാം. ജനാധിപത്യത്തിന്റെ ആഘോഷം കാണാൻ ലോക്സഭ തെരഞ്ഞെടുപ്പു സമയത്ത് ഇന്ത്യ സന്ദർശിക്കാൻ മോദി വിദേശ പ്രതിനിധികളെ ക്ഷണിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ഉയർന്ന വോട്ടു ശതമാനം ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പാർലമെന്ററി നടപടിക്രമങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നത്. 91 കോടി വോട്ടർമാരിൽ 67 ശതമാനത്തിലേറെ പേർ പോളിങ് ബൂത്തിലെത്തി. 600ൽപരം രാഷ്ട്രീയ പാർട്ടികളാണ് പങ്കെടുത്തത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 100 കോടിയോളം ഇന്ത്യക്കാർക്ക് വോട്ടവകാശമുണ്ട്. യൂറോപ്പിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണിത്.
ഇസ്രായേൽ-ഹമാസ് പോരാട്ടത്തെക്കുറിച്ചും മോദി പരോക്ഷമായി സംസാരിച്ചു. ലോകത്ത് എവിടെയും, ഏതു രൂപത്തിലുമുള്ള ഭീകരതയും മാനവികതക്ക് എതിരാണ്. ഭീകരത കർക്കശമായി നേരിടണം. പതിറ്റാണ്ടുകളായി അതിർത്തി കടന്ന ഭീകരത ഇന്ത്യ നേരിടുന്നുണ്ട്.
20 വർഷം മുമ്പാണ് ഭീകരർ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചത്. എം.പിമാരെ ബന്ദികളാക്കി കൊലപ്പെടുത്താനായിരുന്നു നീക്കം. ലോകത്തിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു. അതേസമയം, ഭീകരതയെ നിർവചിക്കുന്നതിൽ സമവായം ഉണ്ടാക്കാൻ യു.എന്നിന് കഴിഞ്ഞിട്ടില്ല. മാനവികതയുടെ ശത്രുക്കൾ ഇത് അവസരമാക്കുന്നു.
സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള സമയമാണിത്. ലോകം ഭിന്നിച്ചുനിന്നാൽ ആഗോള വെല്ലുവിളികൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. മനുഷ്യകേന്ദ്രീകൃതമായ സമീപനത്തിലൂടെ മുന്നോട്ടു നീങ്ങുകയും ആഗോള തലത്തിൽ വിശ്വാസ്യതയിലുള്ള പ്രതിസന്ധി അവസാനിപ്പിക്കുകയും വേണം -മോദി പറഞ്ഞു.
ലോക്സഭ സ്പീക്കർ ഓം ബിർല അടക്കം വിവിധ രാജ്യങ്ങളിലെ സഭാധ്യക്ഷന്മാർ രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റ് മന്ദിരം വിട്ട്, 30 കിലോമീറ്റർ അകലെയുള്ള ദ്വാരക യശോഭൂമിയിലാണ് പാർലമെന്റ് അധ്യക്ഷരുടെ ഉച്ചകോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.