അമരാവതി കൊല: കമീഷണർക്കെതിരെ നടപടിയെടുക്കണമെന്ന് എം.പി
text_fieldsന്യൂഡൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചകനെതിരായ പരാമർശത്തെ പിന്തുണച്ച് പോസ്റ്റിട്ട കെമിസ്റ്റ് ഉമേഷ് കോൽഹെയുടെ കൊലപാതകം ഒതുക്കാൻ സിറ്റി പൊലീസ് കമീഷണർ ശ്രമിച്ചതായി അമരാവതി എം.പി നവനീത് റാണ ആരോപിച്ചു.
അമരാവതി സിറ്റി പൊലീസ് കമീഷണർ ആരതി സിങ് കൊലപാതകം കവർച്ചയായി മാറ്റാൻ ശ്രമിച്ചെന്നാണ് ഹനുമാൻ കീർത്തന വിവാദത്തിലൂടെ നേരത്തെ മാധ്യമശ്രദ്ധ നേടിയ എം.പിയുടെ ആരോപണം. കവർച്ചയാണെന്ന് അവർ ആദ്യം പറഞ്ഞു. കേസ് ഒതുക്കാനാണ് ശ്രമിച്ചത്. അമരാവതി പൊലീസ് കമീഷണർക്കെതിരെയും അന്വേഷണം നടത്തണമെന്ന് നവനീത് ആവശ്യപ്പെട്ടു. കേസിനെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതിയതായും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നടപടി സ്വീകരിച്ചതായും നവനീത് പറഞ്ഞു.
ജൂൺ 21ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെ (54) യെ മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽവെച്ച് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിച്ച് കൊന്നത്. അമരാവതി നഗരത്തിൽ മെഡിക്കൽ സ്റ്റോർ നടത്തുകയാണ് ഉമേഷ്. നൂപൂർ ശർമയെ പിന്തുണച്ച് ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ഷെയർ ചെയ്തതായി ആരോപണമുയർന്നിരുന്നു. ഉദയ്പൂരിലെ കനയ്യലാലിന്റെ കൊലപാതകത്തിന് ഒരാഴ്ച മുമ്പാണ് ഈ സംഭവം നടന്നത്. അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട നവനിർമാൺ സനേ അധ്യക്ഷൻ രാജ്താക്കറെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'ക്ക് പുറത്ത് ഹനുമാൻ കീർത്തനം പാരായണം ചെയ്യുമെന്ന പ്രഖ്യാപനവുമായി നവനീത് റാണ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നവനീതിനെയും ഭർത്താവ് രവി റാണയെയും മഹാരാഷ്ട്ര പൊലീസ് ഏപ്രിലിൽ അറസ്റ്റും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.