ജയിലിൽനിന്ന് മത്സരിച്ച അമൃത്പാൽ സിങ്ങും എൻജിനീയർ റഷീദും എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: ജയിൽവാസം അനുഭവിക്കുന്ന സിഖ് വിഘടനവാദി അമൃത്പാൽ സിങ്, കശ്മീരി നേതാവ് ഷെയ്ഖ് അബ്ദുൽ റഷീദ് (എൻജിനീയർ റഷീദ്) എന്നിവർ കസ്റ്റഡി പരോളിൽ പുറത്തിറങ്ങി ലോക്സഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരെയും പാർലമെന്‍റ് സമുച്ചയത്തിലേക്ക് എത്തിച്ചത്. ഇരുവരും ജയിൽവാസമനുഭവിക്കെ, സ്വതന്ത്ര സ്ഥാനാർഥികളായാണ് മത്സരിച്ചത്.
നടപടിക്രമങ്ങൾക്കു ശേഷം സ്പീക്കറുടെ ചേംബറിലെത്തി ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. ജൂൺ 24, 25 തീയതികളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. പരോൾ സമയത്ത് മാധ്യമങ്ങളെ കാണാൻ ഇരുവർക്കും അനുവാദമില്ല. കുടുംബാംഗങ്ങളും മാധ്യമങ്ങളെ കാണരുതെന്ന് നിർദേശമുണ്ട്.
31കാരനായ അമൃതപാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖഡൂർ സാബിഹ് മണ്ഡലത്തിൽനിന്ന് നാല് ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഏപ്രിലിൽ അറസ്റ്റു െചയ്യപ്പെട്ട അമൃതപാലിനെ, അസ്സമിലെ ദിബ്രുഗഢിലുള്ള ജയിലിലാണ് പാർപ്പിച്ചത്. അസ്സമിൽനിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കിലെടുത്ത് നാല് ദിവസത്തെ കസ്റ്റഡി പരോളാണ് അമൃതപാലിന് അനുവദിച്ചത്. കുടുംബത്തെ കാണാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽനിന്നാണ് എൻജിനീയർ റഷീദ് (56) വിജയിച്ചത്. ഭീകരവാദ പ്രവർത്തനത്തിനായി പണം സ്വരൂപിച്ചെന്ന് കാണിച്ച് 2017ൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായ എൻജിനീയർ റഷീദ് ഡൽഹിയിലെ തിഹാർ ജയിലിലാണ്. ജയിലിൽനിന്ന് പാർലമെന്‍റിലേക്കുള്ള യാത്രാസമയത്തിനു പുറമെ രണ്ട് മണിക്കൂറാണ് റഷീദിന് പരോൾ അനുവദിച്ചത്. റഷീദിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി മാത്രമേ കുടുംബത്തിന് നൽകിയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.