അമൃത്പാൽ സിങ് അനുയായി ലൗപ്രീത് സിങ്ങിന് മോചനം:പ്രക്ഷോഭകർ വാളും വിശുദ്ധ ഗ്രന്ഥവുമായി എത്തിയെന്ന് പൊലീസ്
text_fieldsഅമൃത്സർ: ഖലിസ്ഥാൻ അനുകൂലിയായ സിഖ് പ്രഭാഷകൻ അമൃത്പാൽ സിങ്ങിന്റെ അനുയായി തൂഫാൻ എന്ന ലൗപ്രീത് സിങ്ങിനെ കോടതി ഇടപടെലിനെ തുടർന്ന് ജയിലിൽ നിന്ന് മോചിപ്പിച്ചു.
കഴിഞ്ഞ ദിവസം അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പഞ്ചാബിലെ അജ്നാല പൊലീസ് സ്റ്റേഷനിൽ ആക്രമണമഴിച്ചുവിടാൻ കാരണമായത് തൂഫാന്റെ അറസ്റ്റാണ്.
പൊലീസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അജ്നാല കോടതി തൂഫാനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. തുടർന്ന് ഇയാൾ അമൃത്സർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി. തൂഫാനെ സ്വീകരിക്കാൻ അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള വൻ സംഘം വാഹനവ്യൂഹങ്ങളുമായി ജയിലിന് പുറത്തുണ്ടായിരുന്നു. അവർ പിന്നീട് പ്രാർഥനക്കായി സുവർണ ക്ഷേത്രത്തിലേക്ക് പോയി. രൂപ് നാഗർ ജില്ലയിലെ ചംകൗർ സാഹിബ് സ്വദേശി വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് തൂഫാനെ അറസ്റ്റു ചെയ്തത്.
ഏറ്റുമുട്ടലുണ്ടായ അജ്നാല പൊലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷയേർപ്പെടുത്തി. വരീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടുപോകുമ്പോൾ തൂഫാൻ അവിടെയുണ്ടായിരുന്നില്ലെന്ന് കാണിച്ച് അമൃത്പാലിന്റെ ആളുകൾ തെളിവുനൽകിയിട്ടുണ്ടെന്ന് അമൃത്സർ റൂറൽ എസ്.പി സതീന്ദർ സിങ് പറഞ്ഞു. നിലവിൽ സ്ഥിതിഗതി ശാന്തമാണ്. വ്യാഴാഴ്ചത്തെ അക്രമത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തോട് എസ്.പി പ്രതികരിച്ചില്ല.
പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ അമൃത്പാൽ അനുയായികളെ കൈകാര്യം ചെയ്യാതിരുന്നത് പ്രശ്നങ്ങൾ വഷളാകരുത് എന്ന് കരുതിയിട്ടാണെന്നും വാളിനും തോക്കിനുമൊപ്പം സിഖ് വിശുദ്ധ ഗ്രന്ഥമായ ‘ഗുരു ഗ്രന്ഥ സാഹിബു’മായിട്ടാണ് പ്രക്ഷോഭകർ എത്തിയിരുന്നതെന്നും പഞ്ചാബ് പൊലീസ് സീനിയർ സൂപ്രണ്ട് ഹർപാൽ സിങ് രൺധവ എൻ.ഡി.ടി.വിയോടു പറഞ്ഞു.
സമാധാനപരമായി ധർണ മാത്രമാണ് നടത്തുക എന്നാണ് അമൃത്പാൽ പറഞ്ഞിരുന്നത്. പക്ഷേ, അയാൾ വഞ്ചിച്ചു. വിശുദ്ധ ഗ്രന്ഥം കൈയിലേന്തി വന്നതുകൊണ്ടാണ് തിരിച്ചടിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.