അമൃത്പാൽ ഉണ്ടെന്ന് സംശയം; ഹോഷിയാർപുരിൽ വ്യാപക തിരച്ചിൽ
text_fieldsചണ്ഡിഗഢ്: ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽ സിങ്ങും കൂട്ടാളികളും ഒളിവിൽ കഴിയാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഹോഷിയാർപുർ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പഞ്ചാബ് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തിരച്ചിൽ പുരോഗമിക്കുകയാണെന്നും ആരെയും പിടികൂടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
അമൃത്പാലും കൂട്ടാളിയും ഉണ്ടെന്ന സംശയത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് പൊലീസ് ഒരു വാഹനത്തെ ഫഗ്വാരയിൽനിന്ന് പിന്തുടർന്നിരുന്നു. എന്നാൽ, മർനായൻ ഗ്രാമത്തിലെ ഗുരുദ്വാരക്ക് സമീപം സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. .
അതിനിടെ, അമൃത്പാലിനെ പിടികൂടാൻ സാധിച്ചില്ലെന്ന് സർക്കാർ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതിയെ അറിയിച്ചു. ‘പൊലീസ് കസ്റ്റഡി’യിൽനിന്ന് അമൃത്പാലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇമാൻ സിങ് ഖാര സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച ജസ്റ്റിസ് എൻ.എസ്. ശെഖാവത്തിനെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, തനിക്കുവേണ്ടിയുള്ള തിരച്ചിലിനിടെ സിഖ് യുവാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ പഞ്ചാബ് പൊലീസിനെ വിമർശിക്കുന്ന അമൃത്പാലിന്റെ വിഡിയോ പുറത്തുവന്നു.
കറുത്ത തലപ്പാവും ഷാളും അണിഞ്ഞാണ് ഇയാൾ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അറസ്റ്റ് ചെയ്യാൻ സർക്കാറിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ നേരെ വീട്ടിലേക്ക് വരാമായിരുന്നുവെന്നും താൻ കീഴടങ്ങുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.