ഖലിസ്ഥാൻ നേതാവ് അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും പൊലീസിൽ കീഴടങ്ങി
text_fieldsന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലി അമൃത്പാലിനു വേണ്ടി തിരച്ചിൽ തുടരുകയാണെന്ന പൊലീസ് വാദം തുടരവെ, അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും പഞ്ചാബ് പൊലീസിനു മുമ്പാകെ കീഴടങ്ങി. തിങ്കഴ്ച പുലർച്ചെ ഷാഹ്കോട്ടിലെ ബുല്ലാന്ദ്പുർ ഗുരുദ്വാരക്ക് സമീപത്തു നിന്നാണ് ഇരുവരും പൊലീസിൽ കീഴടങ്ങിയത്.
അമൃത്പാലിന്റെ അമ്മാവൻ ഹർജിത് സിങ്, ഡ്രൈവർ ഹർപ്രീത് സിങ് എന്നിവർ പുലർച്ചെ 1.30 ഓടെ ഡി.ഐ.ജി നരേന്ദ്ര ഭാർഗവിന് മുമ്പാകെയാണ് കീഴടങ്ങിയത്. ശനിയാഴ്ച മെഹത്പുർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ഇവർ ഉപയോഗിച്ച മെഴ്സിഡസ് കാറും പൊലീസ് കണ്ടെത്തി.
അതേസമയം, അമൃത്പാലിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ജലന്തർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. അമൃത്പാലിന്റെ 112 ഓളം അനുയായികളെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച അമൃത്പാലിനെ തിരയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് മാർച്ചും പരിശോധനകളും സംഘടിപ്പിച്ചിരുന്നു.
ശനിയാഴ്ചയാണ് അമൃത്പാലിന്റെ സംഘടനയായ വാരിസ് പഞ്ചാബ് ദെയുടെ 78 അംഗങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ട് അമൃത് പാലിനും സംഘടനക്കും സംസ്ഥാന സർക്കാർ രൂക്ഷമായ തിരിച്ചടി നൽകിയത്. എന്നാൽ, ഖലിസ്ഥാനി നേതാവ് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, അമൃത്പാൽ പൊലീസ് കസ്റ്റഡിയിലാണെന്നും വ്യാജ ഏറ്റുമുട്ടലിൽ കൊല്ലാനാണ് പൊലീസ് പദ്ധതിയെന്നും അഭിഭാഷകൻ ആരോപിച്ചു. അമൃത്പാലിനു വേണ്ടി കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.