അമുൽ കർണാടകയിലേക്കില്ല; കോൺഗ്രസിന്റെത് തെറ്റായ പ്രചാരണമെന്ന് ബി.ജെ.പി
text_fieldsബംഗളൂരു: ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ അമുൽ ഉൽപ്പന്നങ്ങളുടെ വിപണി കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെതിരെ കർണാടക കോൺഗ്രസ് ആരംഭിച്ച ‘ഗോ ബാക്ക് അമുൽ, സേവ് നന്ദിനി’ എന്ന ട്വിറ്റർ പ്രചാരണത്തെ വിമർശിച്ച് ബി.ജെ.പി. തെറ്റായ വിവരങ്ങൾ നൽകുന്ന കാമ്പയിനാണിതെന്ന് ബി.ജെ.പി ആരോപിച്ചു.
കർണാടക മിൽക്ക് ഫെഡറേഷന്റെ ഉത്പന്നങ്ങളാണ് നന്ദിനി എന്ന ബ്രാൻഡ് നെയിമിൽ വിൽക്കുന്നത്. ‘നന്ദിനി’ കൂടുതൽ ശക്തമാവുകയും വിറ്റുവരവുണ്ടാക്കുകയും ചെയ്തത് തങ്ങളുടെ ഭരണ കാലത്താണെന്നും ബി.ജെ.പി അവകാശപ്പെട്ടു.
അമുൽ കർണാടകയിലേക്ക് വരുന്നില്ല. അമുലും കെ.എം.എഫും അവരവരുടെ ഉത്പന്നങ്ങൾ വാണിജ്യ പ്ലാറ്റ് ഫോമുകളിലൂടെ വിൽക്കുന്നുണ്ട്. 2019 ൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം കെ.എം.എഫിന്റെ വിറ്റുവരവ് 10,000 കോടിയായിരുന്നു. 2022ൽ അത് 25,000 കോടിയിലെത്തി. അതിൽ 20,000 കോടി കർണാടകയിലെ കർഷകർക്ക് തന്നെ ലഭിക്കുന്നു - ബി.ജെ.പിയുടെ ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
പാലും തൈരും ബംഗളൂരു വിപണിയിൽ വിൽക്കുമെന്ന അമുലിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമാദിയെ വിമർശിച്ചിരുന്നു. കർണാടകയിൽ എത്തിയ മോദിയുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
ഇതേ തുടർന്നാണ് അമിത് മാളവ്യയുടെ ട്വീറ്റ് വന്നത്. ‘ഇന്ത്യ കോൺഗ്രസിനെ വിശ്വസിക്കാത്തതിന് കാരണമുണ്ട്. അവർ നുണ പറയുന്നു. നന്ദിനിയുടെ ഉടമസ്ഥതയുള്ള കർണാടക മിൽക്ക് ഫെഡറേഷൻ അമുലുമായി യോജിക്കാൻ പോകുന്നുവെന്നതാണ് അതിൽ ഏറ്റവും പുതിയ തെറ്റായ പ്രചാരണം. കെ.എം.എഫിനെ ശക്തിപ്പെടുത്താനും നന്ദിനിയെ ആഗോള ബ്രാൻഡാക്കാനും ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ബി.ജെ.പിയാണ്. കെ.എം.എഫിന്റെ ആകെ വിൽപ്പനയുടെ 15 ശതമാനം കർണാടകക്ക് പുറത്താണ്. സിംഗപൂർ, യു.എ.ഇ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നന്ദിനിയുടെ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നു. അമുലും കെ.എം.എഫും ലയിക്കുന്നില്ല. കോൺഗ്രസ് നന്ദിനിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയാണ്. ഗോ വധത്തിനെതിരായ ബില്ലിനെ എതിർത്ത് നമ്മുടെ നന്ദിനികളെ കൊല്ലുന്നതിന് അനുമതി നൽകിയവരാണ്. എന്നാൽ ബി.ജെ.പി നന്ദിനിയെ വൻ ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമത്തിലാണ്’ - അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.