ബംഗളൂരുവിൽ വയോധികയെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി
text_fieldsബംഗളൂരു: പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി. ബിഹാർ സ്വദേശിനിയും റിട്ടയേഡ് അധ്യാപികയുമായ രജദുലരി സിൻഹ (76) ആണ് കൊല്ലപ്പെട്ടത്.
ജാലഹള്ളി വിദ്യാരണ്യപുരയിലെ എയർഫോഴ്സ് ഈസ്റ്റ് സെവൻത് റെസിഡൻഷ്യൽ ക്യാമ്പിലെ മൈതാനത്ത് ബുധനാഴ്ച പുലർച്ച 6.30നാണ് സംഭവം. തലയിലും കൈക്കും മുഖത്തും കഴുത്തിനും കാലിനുമെല്ലാം കടിയേറ്റിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് ഗംഗമ്മഗുഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട രജദുലരി സിൻഹയുടെ മരുമകൻ സൈനികനാണ്. ഏതാനും ദിവസം മുമ്പാണ് മകളെയും മരുമകനെയും കാണാനായി ഇവർ ബംഗളൂരുവിലെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പത്തിലേറെ നായ്ക്കളുടെ സംഘമാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷിയായ ഹരികൃഷ്ണൻ എക്സിൽ കുറിച്ചു. താനും കുടുംബവും ഒച്ചവെച്ച് നായ്ക്കൂട്ടത്തെ തടയാൻ ശ്രമിച്ചു. എന്നാൽ, വലിയ മതിലിനപ്പുറമായിരുന്നതിനാൽ നേരിട്ട് ഇടപെടാനായില്ലെന്നും മൈതാനത്ത് ആളുകൾ ഓടിക്കൂടി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു ശേഷം സന്നദ്ധ സംഘടനയുടെ വളന്റിയർമാരെത്തി തെരുവുനായ്ക്കളെ പിടികൂടാൻ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.