അമേത്തി, റായ്ബറേലി സസ്പെൻസിന് വിരാമം; അപ്രതീക്ഷിത എൻട്രിയായി കിഷോരി ലാൽ ശർമ
text_fieldsദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ഉത്തർപ്രദേശിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും അമ്പരപ്പിച്ചത് അമേത്തിയിലെ സ്ഥാനാർഥിത്വം. കിഷോരി ലാൽ ശർമയെയാണ് ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. 2004 മുതൽ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് അരലക്ഷത്തിലധികംKishori Lal Sharma വോട്ടിന് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും രാഹുൽ എത്തുമെന്നും സീറ്റ് തിരിച്ചുപിടിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.
ഇതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര സ്ഥാനാർഥിത്വത്തിനായി കിണഞ്ഞു ശ്രമിച്ചു. രാജ്യം മുഴുവൻ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നതായി ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അമേത്തിയിലെ എം.പിയായ സ്മൃതി ഇറാനി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും 1999 മുതൽ മണ്ഡലത്തിൽ പ്രചാരണത്തിനെത്തുന്ന തന്നോട് വോട്ടർമാർ മത്സരിക്കാൻ നിരന്തരം ആവശ്യപ്പെടുന്നതായും പറഞ്ഞിരുന്നു. മണ്ഡലത്തിലെ ഗൗരിഗഞ്ചിൽ പാർട്ടി ഓഫിസിന് പുറത്ത് വാദ്രയുടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്കകമായിരുന്നു ഈ പ്രതികരണം. എന്നാൽ, രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാത്ത ബിസിനസുകാരനായ വാദ്രയെ ഉൾക്കൊള്ളാൻ അണികൾ തയാറായിരുന്നില്ല. അഴിമതി ആരോപണ വിധേയനായ വാദ്രയിൽ കോൺഗ്രസ് നേതൃത്വത്തിനും താൽപര്യമുണ്ടായിരുന്നില്ല.
യു.പിയിൽ കോൺഗ്രസിന്റെ കൈവശമുള്ള ഏക സീറ്റായ റായ്ബറേലിയിൽ ആരോഗ്യകാരണങ്ങളാൽ ഇനി മത്സരിക്കാനില്ലെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചതോടെ മകൾ പ്രിയങ്ക പിൻഗാമിയായി എത്തുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. പ്രിയങ്കയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്നതോടെ രാഹുലിനെ റായ്ബറേലിയിലേക്ക് നിയോഗിച്ച് കിഷോരി ലാൽ ശർമയെ അമേത്തിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആരാണ് കിഷോരി ലാൽ ശർമ?
നാല് പതിറ്റാണ്ടായി കോൺഗ്രസുമായും ഗാന്ധി കുടുംബവുമായും ഹൃദയബന്ധമുള്ളയാളാണ് കിഷോരി ലാൽ ശർമ. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശർമ 1983ൽ രാജീവ് ഗാന്ധിക്കൊപ്പമാണ് അമേത്തിയിൽ ആദ്യമായി എത്തുന്നത്. രാജീവ് ഗാന്ധിയുടെ മരണശേഷവും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിച്ചു.
1999ൽ സോണിയ ഗാന്ധി അമേത്തിയിൽ ആദ്യമായി മത്സരിച്ച് ജയിക്കുമ്പോഴും 2004ൽ രാഹുൽ മത്സരം തുടങ്ങുമ്പോഴുമെല്ലാം വലംകൈയായി കിഷോരി ലാൽ ശർമ ഉണ്ടായിരുന്നു. തുടർന്ന് രാഹുലിന്റെ അഭാവത്തിൽ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിനടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് കിഷോരി ലാൽ ശർമയായിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലവുമായും ജനങ്ങളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.
മണ്ഡലത്തിന്റെ ചിത്രം മാറിയതിങ്ങനെ...
2004ലെ തെരഞ്ഞെടുപ്പിൽ അമേത്തി മണ്ഡലത്തിൽ ആദ്യമായി മത്സരത്തിനിറങ്ങിയ രാഹുൽ ഗാന്ധി ബി.എസ്.പിയുടെ ചന്ദ്രപ്രകാശ് മിശ്രയെ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയിരുന്നത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന ബി.ജെ.പിക്ക് 55,438 വോട്ട് മാത്രമാണ് ലഭിച്ചത്. 2009ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 3,70,198 വോട്ടായി ഉയർത്തിയപ്പോൾ ബി.ജെ.പിക്ക് ആകെ ലഭിച്ചത് 37,570 വോട്ടും മൂന്നാം സ്ഥാനവുമായിരുന്നു.
2014ൽ സ്മൃതി ഇറാനിയുടെ വരവോടെ ചിത്രം മാറി. രാഹുലിന് 408,651 വോട്ട് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ സ്മൃതി 300,748 വോട്ട് പിടിച്ചു. രാഹുലിന്റെ ഭൂരിപക്ഷം 1,07,903 വോട്ടായി കുത്തനെ ഇടിഞ്ഞു. 2019ൽ സ്മൃതി ഇറാനി 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുലിനെ തറപറ്റിക്കുകയും ചെയ്തു. സ്മൃതിക്ക് 4,68,514 വോട്ട് ലഭിച്ചപ്പോൾ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്. ഇത്തവണ മണ്ഡലത്തിൽ നേരത്തെ പ്രചാരണം തുടങ്ങിയ സ്മൃതി ഇറാനിക്ക് വെല്ലുവിളിയുയർത്താൻ കിഷോരി ലാൽ ശർമക്ക് കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേത്തിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.