കശ്മീരിലെ അനന്തനാഗിൽ ഏറ്റുമുട്ടൽ; കേണലിനും മേജറിനും ഡിവൈ.എസ്.പിക്കും വീരമൃത്യു
text_fieldsഅനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ കേണലിനും മേജറിനും ഡിവൈ.എസ്.പിക്കും വീരമൃത്യു. 19 രാഷ്ട്രീയ റൈഫിൾസ് യൂനിറ്റ് കമാൻഡർമാരായ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ്, ജമ്മു-കശ്മീർ പൊലീസ് ഡിവൈ.എസ്.പി ഹുമയൂൺ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
അനന്തനാഗ് ജില്ലയിലെ കൊകെർനാഗ് ഏരിയയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികരും ജമ്മു കശ്മീർ പൊലീസുമാണ് പങ്കെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് തീവ്രവാദികൾക്കായുള്ള തിരച്ചിൽ തുടങ്ങിയത്. രാത്രി നിർത്തിവെച്ച തിരച്ചിൽ ബുധനാഴ്ച രാവിലെ പുനരാരംഭിച്ചപ്പോൾ വെടിവെപ്പുണ്ടാവുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരും ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
മികച്ച സേവനത്തിന് സേന മെഡൽ ലഭിച്ചയാളാണ് കൊല്ലപ്പെട്ട കേണൽ മൻപ്രീത് സിങ്. കശ്മീരിലെ വിരമിച്ച ഐ.ജിയുടെ മകനാണ് ഹുമയൂൺ ഭട്ട്. തീവ്രവാദികളെ പിടികൂടാൻ സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ജമ്മു-കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ്, 15 കോർപ്സ് കമാൻഡർ ലഫ്. ജന. രാജീവ് ഗായ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബയുടെ നിരോധിത ഉപസംഘടന ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.
കശ്മീരിലെ രജൗരിയിൽ രണ്ട് ദിവസം നീണ്ട ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. രജൗരിയിലെ നർല ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ 63 രാഷ്ട്രീയ റൈഫിൾസിലെ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. സൈന്യത്തിലെ ഒരു ലാബ്രഡോർ നായ്ക്കും ജീവൻ നഷ്ടമായി.
പാകിസ്താൻ നിർമിത മരുന്നുകളടക്കം യുദ്ധ സമയത്ത് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ ഭീകരരിൽ നിന്ന് കണ്ടെടുത്തു. പ്രദേശം വളഞ്ഞ് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇന്നലെ ഒരു ഭീകരനെയും ഇന്ന് രണ്ടാമനെയും വധിച്ചത്.
ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയതെന്ന് പ്രതിരോധ വകുപ്പ് പി.ആർ.ഒ ലഫ. കേണൽ സുനീൽ ബർത്വാൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.