ആനന്ദ് അംബാനിയുടെ വിവാഹാഘോഷം; വ്യോമസേന വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി
text_fieldsന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ ജാംനഗറിലെ ഇന്ത്യൻ വ്യോമസേന വിമാനത്താവളത്തിന് പത്തു ദിവസത്തേക്ക് അന്താരാഷ്ട്ര പദവി നൽകി. പാകിസ്താൻ അതിർത്തിയിലുള്ള ജാംനഗറിലെ വിമാനത്താവളത്തിലാണ് അതിഥികൾ പറന്നിറങ്ങുക.
ഫെബ്രുവരി 25 മുതൽ ഈമാസം അഞ്ചുവരെയാണ് അന്താരാഷ്ട്ര വിമാനത്താവളമായി സർക്കാർ പ്രഖ്യാപിച്ചത്. രാഷ്ട്രത്തലവന്മാരും വമ്പൻ വ്യവസായികളും അതിവിശിഷ്ട വ്യക്തികളുമടക്കം 2000ഓളം അതിഥികളാണ് ജാംനഗർ വിമാനത്താവളത്തിൽ ഇറങ്ങുക. 50 വിമാനങ്ങൾ വിദേശത്തുനിന്നെത്തും. അഞ്ചു ദിവസങ്ങളിൽ 300ൽ അധികം വിമാനങ്ങൾ ഇവിടെയെത്തും.
പ്രതിദിനം മൂന്ന് ഷെഡ്യൂൾ ചെയ്തതും അഞ്ച് ഷെഡ്യൂൾ ചെയ്യാത്തതുമായ വിമാനങ്ങളാണ് ഇവിടെ സർവിസ് നടത്തുന്നത്. കൂടുതൽ യാത്രക്കാർ എത്തുന്നതിനാൽ സുരക്ഷ, ഹൗസ് കീപ്പിങ്, ഗ്രൗണ്ട് ഹാൻഡിലിങ് ജീവനക്കാരടക്കമുള്ളവരെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്.
360 യാത്രക്കാരെ സ്വീകരിക്കാനുള്ള രീതിയിൽ കെട്ടിടം വിപുലീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപം അതിഥികളെ സ്വീകരിക്കാൻ റിലയൻസിന് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. വ്യവസായി വീരേൻ മെർച്ചൻറിന്റെ മകളും 29കാരിയുമായ രാധ മർച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം.
വെള്ളിയാഴ്ച തുടങ്ങിയ വിവാഹ ആഘോഷവും വിരുന്നും ഞായറാഴ്ചയാണ് സമാപിക്കുന്നത്. ‘ആൻ ഈവനിങ് ഇൻ എവർലാൻഡ്’ എന്നാണ് മൂന്നു ദിവസത്തെ ആഘോഷത്തിന്റെ പേര്. ജൂലൈയിലാണ് വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.