'നമുക്ക് ''ട്രണൽ'' നിർമിച്ചുകൂടെ?'; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് അഭ്യർഥനയുമായി ആനന്ദ് മഹീന്ദ്ര
text_fieldsമഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അദ്ദേഹത്തിന്‍റെ ട്വിറ്റർ അക്കൗണ്ട് നിരവധി പേരാണ് പിന്തുടരുന്നത്.
അടുത്തിടെ ട്വിറ്ററിലെ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റുകളെല്ലാം വൈറലായിരുന്നു. ലക്ഷങ്ങളാണ് പോസ്റ്റിനു താഴെ അദ്ദേഹത്തെ പ്രശംസിച്ചും അഭിനന്ദിച്ചും ട്വീറ്റ് ചെയ്യുന്നത്. കഴിഞ്ഞദിവസം അദ്ദേഹം ഇരുവശവും മരങ്ങൾ നിറഞ്ഞ മനോഹരമായ റോഡിന്റെ വിഡിയോ ട്വിറ്ററിൽ ഷയർ ചെയ്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് പ്രത്യേക അഭ്യർഥനയും ഇതോടൊപ്പമുള്ള കാപ്ഷനിലുണ്ടായിരുന്നു.
'എനിക്ക് തുരങ്കങ്ങൾ ഇഷ്ടമാണ്, പക്ഷേ തുറന്നു പറയട്ടെ, ഇത്തരത്തിലുള്ള 'ടണലിലൂടെ' പോകാനാണ് എനിക്കിഷ്ടം... നിതിൻ ഗഡ്കരി ജീ, നിങ്ങൾ നിർമിക്കുന്ന പുതിയ ഗ്രാമീണ റോഡുകളിൽ ഇത്തരത്തിലുള്ള ടണലുകൾ നട്ടുപിടിപ്പിക്കാൻ നമുക്ക് പദ്ധതിയിടാമോ?' -ഇതായിരുന്നു കാപ്ഷൻ.
ഇരുവശവും മരങ്ങൾ നിറഞ്ഞ ഒരു റോഡിന്‍റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ദൂരെ നിന്ന് നോക്കുമ്പോൾ യഥാർഥ ടണൽ പോലെ തോന്നിപ്പിക്കും. മരങ്ങൾ, തുരങ്കം എന്നീ പദങ്ങൾ സംയോജിപ്പിച്ച് "ട്രണൽ" എന്നാണ് വ്യവസായി ഇതിന് പേരിട്ടിരിക്കുന്നത്.
ഉടൻ തന്നെ പോസ്റ്റ് വൈറലായി. 20 ലക്ഷം പേരാണ് വിഡിയോ ഇതുവരെ കണ്ടത്. കമന്‍റുകളും നിറഞ്ഞു. ലോകത്തിലെ പ്രകൃതി തുരങ്കം എന്നാണ് ഒരാളുടെ കമന്‍റ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ടണലുകളുണ്ടെന്നും അതെല്ലാം പ്രകൃതി തന്നെ ഒരുക്കിയതാണെന്നും പലരും റീട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.