അദാനിയുടെ ധാരാവി ഭൂമി കൈയേറ്റം ബി.ജെ.പി സ്‌പോൺസർ ചെയ്യുന്നതെന്തിനെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: എന്തുകൊണ്ടാണ് മഹാനഗരമായ മുംബൈ ഗുജറാത്തിന് വൻകിട പദ്ധതികൾ ‘നഷ്ടപ്പെടുത്തുന്നതെന്നും എന്തിനാണ് അദാനിയുടെ ധാരാവി ഭൂമി കൈയേറ്റം ബി.ജെ.പി സ്‌പോൺസർ ചെയ്യുന്നതെന്നുമുള്ള ചോദ്യങ്ങളുമായി മോദിക്കെതിരെ കോൺഗ്രസിന്റെ കടന്നാക്രമണം. മോദിയുടെ മുംബൈയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നോടിയായി അഞ്ച് ചോദ്യങ്ങളാണ് ജനങ്ങൾ പ്രധാനമന്ത്രിയോട് ചോദിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കമ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേശ് പറഞ്ഞു. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബി.ജെ.പി ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.എം.സി തിരഞ്ഞെടുപ്പ് നടത്താൻ മഹായുതി സർക്കാർ തുടർച്ചയായി കാലതാമസം വരുത്തുന്നത് ജനാധിപത്യത്തിനും മുംബൈയിലെ പൗരന്മാരുടെ അവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ ആക്രമണമാണ്. ഒ.ബി.സി സംവരണം, വാർഡ് നിർണയം തുടങ്ങിയ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ബി.ജെ.പി. വോട്ടർമാരെ നേരിടാൻ ഭയപ്പെടുന്നു എന്നതാണ് യാഥാർഥ്യം. തെരഞ്ഞെടുപ്പിന് മുമ്പ് അവരുടെ പ്രതിച്ഛായ തകരുമെന്ന് ഭയപ്പെടുന്നു -രമേശ് തന്റെ എക്‌സ് പോസ്റ്റിൽ ആരോപിച്ചു.
തെരഞ്ഞെടുക്കപ്പെടാത്ത ഒരു അഡ്മിനിസ്ട്രേറ്ററുടെ കീഴിലുള്ള ബി.എം.സിയിൽ ഭരണസഖ്യം പൗരസമിതിയുടെ ഫണ്ടുകളും വിഭവങ്ങളും സ്വന്തം എം.എൽ.എമാർക്കും അനുയായികൾക്കും പ്രയോജനപ്പെടുത്താൻ ഉപയോഗിക്കുന്നു. ധാരാവി പുനഃർവികസന പദ്ധതി ജൈവേതര പ്രധാനമന്ത്രിയുടെ ഉറ്റ സുഹൃത്തായ അദാനി ഗ്രൂപ്പിനുവേണ്ടി ബി.ജെ.പി സ്പോൺസർ ചെയ്ത ഭൂമി കൈയേറ്റമായി മാറി. 2022 സെപ്റ്റംബറിൽ മഹായുതി സർക്കാർ നടത്തിയ ഏറ്റവും പുതിയ ടെൻഡർ പ്രത്യേകമായി അദാനി ഗ്രൂപിനുവേണ്ടിയുള്ളതാണെന്നും രമേശ് ആരോപിച്ചു. ഈ ടെൻഡർ വഴി സ്ഥാപിച്ച അദാനിയുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ പർപ്പസ് വെഹിക്കിളിന്റെ (എസ്.പി.വി) ഘടന ധാരാവിയിലെ ഏഴ് ലക്ഷം നിവാസികളെ പൂർണമായും അവിടെനിന്ന് അകറ്റാൻ കാരണമായി. ചേരി പുനരധിവാസ അതോറിറ്റിയുടെ വിഹിതം 20 ശതമാനമായി ചുരുക്കി. ആസൂത്രണ തലത്തിൽ ചർച്ച നടത്താനുള്ള താമസക്കാരുടെ കഴിവും പൊതുസംവാദത്തിന്റെയും പങ്കാളിത്തത്തിന്റെയും അന്തരീക്ഷവും പൂർണമായും ഇല്ലാതാക്കി.
മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് നടക്കുന്ന നവംബർ 20ന് തെരഞ്ഞെടുപ്പിൽ അധികാരം നഷ്‌ടപ്പെടുന്നതിന് തൊട്ടുമുമ്പ്, ധാരാവിയിലെ പദ്ധതിക്ക് അനുമതി നൽകുന്നതിനായി മഹായുതി അമിതവേഗത്തിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അദാനി ഗ്രൂപ്പിനുള്ള ഈ ലാഭകരമായ പദ്ധതി ധാരാവിയിൽ താമസിക്കുന്നവരുടെ മാത്രമല്ല ദശലക്ഷക്കണക്കിന് മുംബൈക്കാരുടെ ചെലവിലാണ് വരുന്നത്. പൊതുജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന ഈ വൻകൊള്ളക്കെതിരെ ജൈവികേതര പ്രധാനമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നും രമേശ് ചോദിച്ചു.
മുംബൈയിൽ ഐ.എഫ്.എസ്.സി സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള വിസമ്മതം നഗരത്തിന് 2 ലക്ഷം വരെ തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുംബൈയിലെ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. വായു മലിനീകരണം മുംബൈയിലെ പൗരന്മാരുടെ ജീവിതത്തിന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാറിന്റെ നിസ്സംഗത ശരിക്കും ഭയാനകമാണ്. മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ തിരക്ക് കൂടുന്നതും സുരക്ഷിതമല്ലാത്തതും എന്തുകൊണ്ടാണ്? മുംബൈക്കാർക്ക് ലോക്കൽ ട്രെയിനുകൾ നിർണായകമാണെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അവഗണന മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളൂ. മറാത്ത്വാഡയിലെ ജലക്ഷാമം പരിഹരിക്കാനുള്ള മോദിയുടെ കാഴ്ചപ്പാട് എന്താണെന്നും രമേശ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.