അന്ധേരി ഉപതെരഞ്ഞെടുപ്പ്: അഥവാ ശിവസേനകളുടെ ഉരകല്ല്
text_fieldsനാനാമതക്കാരെയും ഉൾക്കൊള്ളുന്ന ഹിന്ദുത്വ ചിന്തയാണ് ഉദ്ധവിെൻറ ദസറ റാലിയിൽ പ്രകടമായത്. ഉദ്ധവ് പക്ഷ റാലിക്ക് നഗരത്തിെൻറ വിവിധ കോണുകളിൽനിന്ന് അണികളെത്തിയപ്പോൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലുമായാണ് ഷിൻഡെയുടെ റാലിക്ക് ആളെത്തിയത്. ഉദ്ധവ് ഉള്ളുതുറന്ന് സംസാരിച്ചപ്പോൾ ഷിൻഡെ ആരോ നൽകിയ കുറിപ്പ് നോക്കി സംസാരിച്ചെന്നും ബി.ജെ.പിയുടെ സ്ക്രിപ്റ്റിനനുസരിച്ചാണ് അദ്ദേഹത്തിെൻറ നീക്കങ്ങളെന്നും പരിഹാസമുയർന്നു
ശിവസേനയിലെ പിളർപ്പിനുശേഷം ഉദ്ധവ് താക്കറെയും വിമത നേതാവ് ഏക് നാഥ് ഷിൻഡെയും തമ്മിലെ ആദ്യ ശക്തിപരീക്ഷണത്തിന് അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിലൂടെ വഴിയൊരുങ്ങുകയാണ്. ശിവസേന എം.എൽ.എ രമേശ് ലഡ്കെയുടെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ വിധവ രുതുജ ലഡ്കെയെ സ്ഥാനാർഥിയാക്കി ഉദ്ധവ് പക്ഷം. എതിർ സ്ഥാനാർഥി ബി.ജെ.പിക്കാരനാണെങ്കിലും വിജയിക്കുക എന്നത് ഷിൻഡെ പക്ഷത്തിന് നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്രൻ മുർജി പട്ടേലിനെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ഗുജറാത്തി വോട്ടുകളിലാണ് അവരുടെ കണ്ണ്.
പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും താൽക്കാലികമായി മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ഉദ്ധവ് പക്ഷത്തിന് തുടക്കത്തിൽ അൽപം സങ്കടം സൃഷ്ടിച്ചിരുന്നു. അവർ പരാതിയുമായി ഡൽഹി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. യഥാർഥ ശിവസേന ആരുടേതെന്ന അവകാശവാദത്തിൽ തീർപ്പാകും വരെ തുടരും ഈ മരവിപ്പിക്കൽ. പകരം ഉദ്ധവിന് 'ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ' എന്ന പേരും ദീപശിഖ ചിഹ്നവും അനുവദിച്ച കമീഷൻ ഷിൻഡെക്ക് 'ബാലാസാഹെബാംച ശിവസേന' എന്ന പേരും ഇരട്ട വാൾ പരിച ചിഹ്നവും നൽകി. ദീപശിഖ ചിഹ്നം ലഭിച്ചതോടെ ഉദ്ധവ് സംഘത്തിന് ഉണർവായി. മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായി 1985ൽ ഛഗൻ ഭുജ്ബലിലൂടെ ശിവസേനയെ നിയമസഭയിലെത്തിച്ച ചിഹ്നമാണ് ദീപശിഖ എന്നതു തന്നെ കാരണം. പ്രതിസന്ധി ഘട്ടത്തിൽ ദീപശിഖ വീണ്ടും വഴിത്തിരിവാകുമെന്ന് ഉദ്ധവ് പക്ഷം കുരുതുന്നു.
മുംബൈ നഗരസഭയും ഷിൻഡെ സർക്കാറും ഒത്തുകളിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷൻ സൃഷ്ടിച്ചതിനേക്കാൾ വലിയ പ്രതിസന്ധി വന്നുപെട്ടു. സ്ഥാനാർഥിയായി നിശ്ചയിച്ച രുതുജ ലഡ്കെ മുംബൈ നഗരസഭ ജീവനക്കാരിയാണ്. ജോലിയിലിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് ചട്ടം. അതിനാൽ ഒക്ടോബർ മൂന്നിന് രാജിക്കത്ത് നൽകുകയും നോട്ടീസ് കാലാവധിക്കുമുമ്പേ ജോലിവിടുന്നതിന്റെ നഷ്ടപരിഹാരമായി ഒരു മാസത്തെ ശമ്പളം കെട്ടിവെക്കുകയും ചെയ്തിട്ടും നഗരസഭ രാജി സ്വീകരിച്ചില്ല. വെള്ളിയാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. എന്നിരിക്കെ, വ്യാഴാഴ്ച ബോംബെ ഹൈകോടതിയെ സമീപിച്ച് രുതുജ അനുകൂല വിധി നേടി. നഗരസഭയെ രൂക്ഷമായി വിമർശിച്ച കോടതി, വെള്ളിയാഴ്ച രാവിലെ 11നുമുമ്പേ അവരുടെ രാജി സ്വീകരിച്ച് രേഖാമൂലം മറുപടി നൽകാൻ ഉത്തരവിടുകയായിരുന്നു.
പരമ്പരാഗതമായി നടത്തിപ്പോരുന്ന ശിവജി പാർക്കിലെ വാർഷിക ദസറ റാലിക്ക് അനുമതി നിഷേധിച്ച് മുംബൈ നഗരസഭ ഉദ്ധവ് പക്ഷത്തെ സമ്മർദത്തിലാക്കിയപ്പോഴും ഹൈകോടതിയാണ് രക്ഷക്കെത്തിയത്. ഷിൻഡെ പക്ഷവും ശിവജി പാർക്കിൽ ദസറ റാലിക്ക് അനുമതി തേടിയതിനാൽ ക്രമസമാധാനത്തിന് ഭീഷണിയാകുമെന്നുകണ്ട് ഇരു പക്ഷത്തിനും അനുമതി നിഷേധിച്ചതാണെന്നാണ് നഗരസഭ കോടതിയെ ബോധിപ്പിച്ചത്. നഗരസഭ നിരീക്ഷണത്തെ തള്ളി കോടതി ഉദ്ധവിന് അനുകൂലമായി വിധിച്ചു. തൊട്ടപ്പുറം ബി.കെ.സി മൈതാനത്താണ് ഷിൻഡെ പക്ഷത്തിന് ദസറ റാലിക്ക് അനുമതി നൽകിയത്. ശിവസേന നേതൃത്വം ഓരോ വർഷവും തങ്ങളുടെ നയവും നിലപാടും അണികളുമായി പങ്കുവെക്കുന്നത് ദസറ റാലിയിലാണ്. പിളർപ്പിനുശേഷമുള്ള ആദ്യ പരിപാടിയാകയാൽ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കിയ ദസറ റാലിയായിരുന്നു ഇത്തവണത്തേത്.
ഹിന്ദുത്വ നിലപാടുകളിലൂന്നിയാണ് ഉദ്ധവും ഷിൻഡെയും തങ്ങളുടെ റാലികളിൽ നയം വ്യക്തമാക്കിയത്. ഷിൻഡെ ആർ.എസ്.എസിനെയും ബി.ജെ.പിയെയും വാഴ്ത്തി തന്റെ ഹിന്ദുത്വയെ വിവരിച്ചപ്പോൾ നവബുദ്ധിസ്റ്റും എഴുത്തുകാരിയുമായ സുഷമ അന്ധാരെയാണ് ഉദ്ധവ് പക്ഷത്തിന്റെ ഹിന്ദുത്വ എന്തെന്ന് വ്യക്തമാക്കിയത്. യഥാർഥ ഹിന്ദുവാകാൻ മറ്റ് മതങ്ങളെ വെറുക്കാനും ആക്രമിക്കാനും ആവശ്യപ്പെടുന്ന വേദഗ്രന്ഥങ്ങളോ സൂക്തങ്ങളോ മന്ത്രങ്ങളോ കാണിച്ചുതരാൻ വെല്ലുവിളിച്ചായിരുന്നു അവരുടെ പ്രസംഗം. നാനാമതക്കാരെയും ഉൾക്കൊള്ളുന്ന ഹിന്ദുത്വ ചിന്തയാണ് ഉദ്ധവിന്റെ ദസറ റാലിയിൽ പ്രകടമായത്. ഉദ്ധവ് പക്ഷ റാലിക്ക് നഗരത്തിന്റെ വിവിധ കോണുകളിൽനിന്ന് അണികളെത്തിയപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലുമായാണ് ഷിൻഡെയുടെ റാലിക്ക് ആളെത്തിയത്. ഉദ്ധവ് ഉള്ളുതുറന്ന് സംസാരിച്ചപ്പോൾ ഷിൻഡെ ആരോ നൽകിയ കുറിപ്പ് നോക്കി സംസാരിച്ചെന്നും ബി.ജെ.പിയുടെ സ്ക്രിപ്റ്റിനനുസരിച്ചാണ് അദ്ദേഹത്തിന്റെ നീക്കങ്ങളെന്നും പരിഹാസമുയർന്നു.
ലക്ഷത്തിലേറെ മറാത്തി വോട്ടുകളുള്ള മണ്ഡലമാണ് അന്ധേരി ഈസ്റ്റ്. അന്തരിച്ച എം.എൽ.എയുടെ വിധവയെന്നതും മറാത്തിയെന്നതും രുതുജക്ക് അനുകൂലമാകും. മണ്ഡലത്തിലെ 37,000ത്തിലേറെ വരുന്ന മുസ്ലിം വോട്ടുകളും അവരെ പിന്തുണക്കുമെന്നാണ് കണക്കുകൂട്ടൽ. കോൺഗ്രസ്-എൻ.സി.പി സഹകരണവും ഗുണമാവും. 2014ൽ കോൺഗ്രസിൽ നിന്ന് ശിവസേന പിടിച്ചെടുത്ത മണ്ഡലമാണിത്. ബി.ജെ.പിയുടെ മുർജി പട്ടേലും നിസ്സാരക്കാരനല്ല. പ്രദേശത്ത് കോർപറേറ്ററായിരുന്ന ഇദ്ദേഹം മണ്ഡലത്തിൽ ശ്രദ്ധേയനും സുപരിചിതനുമാണ്. സ്വതന്ത്രനായി മത്സരിച്ചിട്ടും 2019ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് മുർജി പട്ടേലിന്റെ സ്വീകാര്യത എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. നവംബർ മൂന്നിനാണ് വിധിയെഴുത്ത്.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.