ആന്ധ്രാ മന്ത്രിസഭ പുനഃസംഘടന: 19 മന്ത്രിമാർക്ക് അധികാരം നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്
text_fieldsഅമരാവതി: 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി. ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുമെന്നും ഏപ്രിൽ 9 ന് ഇവരുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു.
നിലവിലെ മന്ത്രിമാരിൽ നാലുപേർക്കൊഴികെ മറ്റെല്ലാവർക്കും സ്ഥാനം നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ 19 മന്ത്രിമാർക്ക് അധികാരം നഷ്ടപ്പെടും.
സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ 19 മന്ത്രിമാരുടെ അന്തിമ പട്ടിക റെഡ്ഡി ബുധനാഴ്ച ഗവർണർക്ക് കൈമാറിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ റെഡ്ഡി നൽകിയിരുന്നു. എന്നാൽ കോവിഡ് മഹാമാരി കാരണം തീരുമാനം വൈകുകയായിരുന്നു.
തെലുങ്ക് പുതുവർഷമായ ഉഗാദിക്ക് ശേഷം ക്യാബിനറ്റ് പുനഃസംഘടന നടക്കുമെന്ന് റെഡ്ഡി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ നിലവിൽ വരാന്‍ പോകുന്നത്. ഏപ്രിൽ രണ്ടിനായിരുന്നു ഉഗാദി ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.