നടിയുടെ പരാതിയിൽ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ആന്ധ്രാ സർക്കാർ
text_fieldsഅമരാവതി: അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചെന്ന നടിയുടെ പരാതിയിൽ മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥരെ ആന്ധ്രാപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു. പി.എസ്.ആർ ആഞ്ജനേയുലു , ഐ.ജി കാന്തി റാണ ടാറ്റ, എസ്.പി വിശാൽ ഗുന്നി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മുംബൈ സ്വദേശിയും നടിയുമായ കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയാണ് കാദംബരി ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിനിമ നിർമാതാവായ വൈ.സ്.ആർ കോൺഗ്രസ് നേതാവിന്റെ വ്യാജ പരാതിയിൽ തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചു എന്നാണ് കാദംബരിയുടെ പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്.
അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് വ്യാജരേഖ നിർമിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു നടിക്കെതിരായ പരാതി. എന്നാൽ നിർമാതാവിനെതിരെ മുംബൈയിൽ താൻ നൽകിയ പരാതിയുടെ പ്രതികാരനടപടിയാണ് ഇതെന്നും പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടി ആരോപിച്ചു.
ഫെബ്രുവരി 2നാണ് കാദംബരിക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ജനുവരി 31നു തന്നെ നടിയെ അറസ്റ്റ് ചെയ്യാൻ അന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവിയായിരുന്ന പി.എസ്.ആർ ആഞ്ജനേയുലു, കാന്തി റാണ ടാറ്റയ്ക്കും വിശാൽ ഗുന്നിക്കും നിർദേശം നൽകുകയായിരുന്നു. ആഞ്ജനേയുലു തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം കൃത്യമായ അന്വേഷണമില്ലാതെ നടപടി സ്വീകരിച്ചെന്നാണ് അന്നു വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റയുടെ സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത് . വിശാൽ ഗുന്നി നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പരാതി വിശദമായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.