അദാനിക്കെതിരായ യു.എസ് കുറ്റപത്രം പഠിച്ച് ആന്ധ്ര സർക്കാർ നടപടിയെടുക്കുമെന്ന് ചന്ദ്രബാബു നായിഡു
text_fieldsഹൈദരാബാദ്: മുൻ വൈ.എസ്.ആർ.സി.പി സർക്കാരും അദാനി ഗ്രൂപ്പും ഉൾപ്പെട്ട കൈക്കൂലി അഴിമതിയുമായി ബന്ധപ്പെട്ട് യു.എസിൽ സമർപ്പിച്ച കുറ്റപത്രം സംസ്ഥാന സർക്കാറിന്റെ പക്കലുണ്ടെന്നും അത് പഠിച്ച് നടപടിയെടുക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.
സോളാർ പവർ കരാറുകൾ തങ്ങൾക്ക് അനുകൂലമാക്കുന്ന വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു.
അദാനി ഗ്രൂപ്പിൽനിന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന യു.എസ് അവകാശവാദത്തിൽ മുൻ വൈ.എസ്.ആർ.സി.പി ഭരണവും ആരോപണവിധേയമായിരുന്നു. തന്റെ സർക്കാർ ഈ ആരോപണങ്ങൾ പഠിച്ച് നടപടിയെടുക്കുമെന്ന് നിയമസഭയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി നായിഡു പറഞ്ഞു. ‘എല്ലാ റിപ്പോർട്ടുകളും യു.എസ് സമർപ്പിച്ചിട്ടുണ്ട്. അത് പബ്ലിക് ഡൊമൈനിലുണ്ട്. ആരോപണങ്ങളും കുറ്റപത്രവും പഠിക്കും. അതിന്മേൽ നടപടിയെടുത്ത് നിങ്ങളെ അറിയിക്കുകയും ചെയ്യും -നായിഡു ഉറപ്പു നൽകി.
2019 നും 2024 നും ഇടയിൽ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ച് കഴിഞ്ഞ അഞ്ച് മാസമായി ടി.ഡി.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈ.എസ്.ആർ.കോൺഗ്രസിന്റെ ഭരണവും അദാനി ഗ്രൂപ്പും ഉൾപ്പെട്ട ആരോപണങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ അന്തസ്സിനെയും ബ്രാൻഡ് പ്രതിച്ഛായയെയും വ്രണപ്പെടുത്തിയെന്ന് പറഞ്ഞ നായിഡു ഇത് വളരെ സങ്കടകരമായ സംഭവമാണെന്നും വിശേഷിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞാൽ ഉത്തരവാദിയാക്കണമെന്ന് സഭയിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വൈ.എസ്.ആർ കോൺഗ്രസ് തള്ളുകയും അദാനി ഗ്രൂപ്പുമായി നേരിട്ടുള്ള കരാറില്ലെന്ന് നിഷേധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.