പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
text_fieldsകാക്കിനാഡ: പഠന നിലവാരം മോശമായതിനാൽ രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലാണ് സംഭവം. ഒ.എൻ.ജി.സി ജീവനക്കാരൻ വി. ചന്ദ്ര കിഷോർ (37) ആണ് ആത്മഹത്യചെയ്തത്. കുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയാണ് ആത്മഹത്യചെയ്തത്. മത്സരാധിഷ്ഠിത ലോകത്ത് മക്കൾ പഠനത്തിൽ പിന്നാക്കമായതിൽ ഇദ്ദേഹം ആശങ്കയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ കുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ‘‘ശക്തമായ മത്സരം നടക്കുന്ന ലോകത്ത് കുട്ടികൾ പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരുമെന്ന് അയാൾ ഭയപ്പെട്ടു. ആ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്’’ – പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചന്തയിൽ പോയിരുന്ന കുട്ടികളുടെ മാതാവാണ് തിരിച്ചെത്തിയപ്പോൾ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഒളിവിൽ പോയ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകി. ഒരു ദിവസത്തിനുശേഷം, പിതാവിന്റെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.