മദ്യം കിട്ടാനില്ല; അന്ധ്രയിൽ സാനിറ്റൈസർ പാർട്ടികൾ വരെ നടത്തി കുടിയന്മാർ, മരണം 16
text_fieldsഹൈദരാബാദ്: ലോക്ഡൗണിനെ തുടർന്ന് മദ്യം കിട്ടാതായതോടെ ആന്ധ്ര പ്രദേശിൽ സാനിറ്റൈസർ കുടിയന്മാരുടെ എണ്ണം വർധിക്കുന്നു. തീരമേഖലയായ പ്രകാസം ജില്ലയിൽ സ്ഥിരമായി സാനിറ്റൈസർ കുടിക്കുന്ന 235 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ജില്ലയിലെ കുറിച്ചെഡു മണ്ഡലത്തിൽ കഴിഞ്ഞയാഴ്ച സാനിറ്റൈസർ കുടിച്ച് 16 പേരാണ് മരിച്ചത്.
പ്രകാസം ജില്ലയിൽ സാനിറ്റൈസറിന് അടിമപ്പെട്ട 235 പേരെ കണ്ടെത്തി കൗൺസലിങ് നൽകുകയാണെന്ന് എസ്.പി സിദ്ധാർത്ഥ് കൗശൽ പറഞ്ഞു. കൂടുതൽ പേരെ കണ്ടെത്തുന്ന നടപടികളിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിച്ചെഡു, ദർസി, വിനുകൊണ്ട മണ്ഡലങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളും കണ്ടെയിൻമെന്‍റ് സോണുകളാണ്. ഇവിടങ്ങളിൽ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതോടെയാണ് സ്ഥിരം മദ്യപാനികൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ മദ്യത്തിന് പകരമായി കുടിക്കാൻ തുടങ്ങിയത്.
വീടുകൾ തോറും നടത്തിയ പരിശോധനയിൽ നൂറുകണക്കിന് കുപ്പി സാനിറ്റൈസർ ശേഖരിച്ചുവെച്ചതായി പൊലീസ് കണ്ടെത്തി. സാനിറ്റൈസറിന് മദ്യത്തേക്കാൾ വില കുറവുള്ളതും ഇതിലേക്ക് കുടിയന്മാരെ ആകർഷിച്ചതായി പൊലീസ് പറയുന്നു.
മദ്യപർ ചേർന്ന് സാനിറ്റൈസർ പാർട്ടി നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസർ കുടിച്ച് മരിച്ച രണ്ടുപേർ ജൂലൈ 29ന് സാനിറ്റൈസർ പാർട്ടി നടത്തിയിരുന്നു. ഇവരുടെ ഏതാനും ബന്ധുക്കളും പങ്കെടുത്തു. വെള്ളത്തിലും ശീതളപാനീയങ്ങളിലും ചേർത്ത് വളരെയേറെ അളവിൽ ഇവർ സാനിറ്റൈസർ അകത്താക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.