ദലിത് യുവാവിന്‍റെ മരണം കൊലപാതകമെന്ന് ഭാര്യ
text_fieldsനെല്ലൂർ: ആന്ധ്രയിൽ ദലിത് യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് ഭാര്യ. നെല്ലൂരിലെ ഒരു ഇഷ്ടിക ഫാക്ടറിയിലെ തൊഴിലാളിയായ ഉദയഗിരി നാരായണ എന്ന ആളെയാണ് ജൂൺ 19ന് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് കൊലപാതകമാണെന്നും ഫാക്ടറി ഉടമ വംസി നായിഡുവും സബ് ഇൻസ്പെക്ടർ കരിമുല്ലയുമാണ് പിന്നിലെന്നും ഉദയഗിരിയുടെ ഭാര്യ പദ്മാവതി ആരോപിച്ചു.
ഇലക്ട്രോണിക് ഉപകരണം മോഷ്ടിച്ചു എന്ന് ആരോപിച്ച് ഉദയഗിരിക്കെതിരെ കമ്പനി ഉടമ പോലീസിൽ പരാതി നൽകിയതിന്‍റെ അടുത്ത ദിവസമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉദയഗിരിക്ക് കാരണങ്ങളുണ്ടായിരുന്നില്ലെന്ന് പദ്മാവതി പറഞ്ഞു.
"ഉദയഗിരിയെ കാണാനില്ലെന്ന് പരാതിപ്പെട്ടെങ്കിലും പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണ്. ഉദയഗിരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദേഹത്തേറ്റ ക്ഷതങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഇതിന് ശേഷം തുടർച്ചയായി 15 ദിവസം പൊലീസ് വീട്ടിൽ വരികയും ഭീഷണിപ്പെടുത്തി വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്യുമായിരുന്നു"- പദ്മാവതി പറഞ്ഞു.
സബ് ഇൻസ്പെക്ടർ കരിമുല്ലയെ സംരക്ഷിക്കാൻ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷമായ തെലുഗു ദേശം പാർട്ടി(ടി.ഡി.പി)ആരോപിച്ചു. കേസിൽ അന്വേഷണം തുടരാൻ ടി.ഡി.പി ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. നെല്ലൂർ ചലോ എന്ന പേരിൽ പ്രതിപക്ഷം കഴിഞ്ഞ ആഴ്ച പ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.