ആന്ധ്രാപ്രദേശിൽ ഇ-സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
text_fieldsഅമരാവതി: ആന്ധ്രാപ്രദേശിൽ വീട്ടിൽ ചാർജിലിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ വിജയവാഡയിലാണ് സംഭവം.
കിടപ്പ് മുറിയിൽ കുത്തിവെച്ച ബാറ്ററി പൊട്ടിത്തെറിച്ചാണ് ശിവകുമാർ മരിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് കുട്ടികൾക്കും പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കുടുംബത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവകുമാർ മരിച്ചു. ഭാര്യയുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ചയാണ് ശിവകുമാർ പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയതെന്നാണ് വിവരം. നിർമാതാവിന്‍റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. സമാന രീതിയിൽ തെലുങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഏപ്രിൽ 19ന് ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വീട്ടിൽ ബാറ്ററി ചാർജ് ചെയ്യുന്നതിനിടയിലാണ് ഈ അപകടവും നടന്നത്. സംഭവത്തിൽ ബി. രാമസ്വാമിയെന്നയാൾ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച മകൻ ബി. പ്രകാശിനും മകൾ കമലമ്മക്കും പൊള്ളലേറ്റു.
സംഭവത്തിൽ സ്കൂട്ടർ കമ്പനി പ്യുവർ ഇ.വിക്കെതിരെ ഐ.പി.സി 304 എ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുമെന്നും പ്യുവർ ഇ.വി പ്രസ്താവന ഇറക്കി.
ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും രാജ്യത്ത് വർധിച്ചതോടെ ഇവയുടെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.