വഖഫ് ബോർഡ് പിരിച്ചുവിട്ട് ആന്ധ്രാ സർക്കാർ; നടപടി സ്വാഗതം ചെയ്ത് ബി.ജെ.പി
text_fieldsഅമരാവതി: ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ മുൻ വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ നാമനിർദേശം ചെയ്ത സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ടു.
കേന്ദ്ര സർക്കാറിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ ഉയർന്നുവരുന്ന വിവാദങ്ങൾക്കിടെയാണ് എൻ.ഡി.എയുടെ ഭാഗമായ ടി.ഡി.പിയുടെ ഈ നീക്കം. സംസ്ഥാന വഖഫ് ബോർഡ് ഏറെ കാലമായി പ്രവർത്തനരഹിതമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് സർക്കാർ നടപടി.
2023 ഒക്ടോബറിൽ ജഗൻമോഗൻ സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ആന്ധ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്. 11 അംഗങ്ങളാണ് ബോർഡിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ തെരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ള നാമനിർദേശം ചെയ്യപ്പെട്ടവരുമായിരുന്നു. എന്നാൽ, വഖഫ് ബോർഡ് നിയമനം ചോദ്യം ചെയ്തുള്ള ഹരജിയിൽ 2023 നവംബർ ഒന്നിന് ആന്ധ്ര ഹൈക്കോടതി ചെയർമാന്റെ നിയമനം സ്റ്റേ ചെയ്തിരുന്നു. ഹരജികൾ തീർപ്പാക്കാത്തതിനെ തുടർന്ന് ചെയർമാനില്ലാതെ തുടരുകയായിരുന്നു.
ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് സ്‌റ്റേ നൽകിയതിനെ തുടർന്ന് ബോർഡിന്റെ പ്രവർത്തനം നിർജീവമായ അവസ്ഥയിലാണ് തീരുമാനമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
നടപടിയെ ബി.ജെ.പി നേതാവും ഐടി സെൽ തലവനുമായ അമിത് മാളവ്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു മതേതര രാജ്യത്തിൽ വഖഫ് ബോർഡിനെ പിന്തുണയ്ക്കുന്ന ഒരു നിയമവും ഭരണഘടനയിലില്ലെന്നാണ് മാളവ്യ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.