കൂട്ട ബലാത്സംഗ കേസിൽ വിവാദ പരാമർശം; ആന്ധ്രാ ആഭ്യന്തര മന്ത്രി വെട്ടിൽ
text_fieldsഅമരാവതി: കൂട്ട ബലാത്സംഗ കേസിൽ ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. മെയ് ഒന്നിന് റിപ്പെല്ലെ റെയിൽവേ സ്റ്റേഷനിൽ ഗർഭിണിയായ 25 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിലാണ് മന്ത്രി തനേടി വനിതയുടെ വിവാദ പ്രസ്താവന. ബലാത്സംഗം കരുതിക്കൂട്ടി ചെയ്തതല്ലെന്നും സംഭവം തികച്ചും യാദൃശ്ചികമാണെന്നുമാണ് മന്ത്രിയുടെ വിചിത്ര വാദം.
അക്രമികൾ മദ്യപിച്ചിരുന്നു. ഇവരുടെ ഉദ്ദേശം മോഷണവുമായിരുന്നു. മോഷണത്തിനിടെ ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചതിനാലാണ് യുവതി ബലാത്സംഗത്തിന് ഇരയായത് എന്നുമാണ് ആഭ്യന്തര മന്ത്രിയുടെ കണ്ടെത്തൽ. സംഭവ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നില്ല എന്നത് വലിയ അപരാധമായി ഉന്നയിക്കേണ്ടതില്ലെന്നും റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.
മുമ്പ് വിശാഖപട്ടണത്ത് പെൺകുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായപ്പോൾ കുട്ടികളുടെ സുരക്ഷ മാതാവാണ് ഉറപ്പാക്കേണ്ടതെന്ന തനേടി വനിതയുടെ പരാമർശവും വിവാദമായിരുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് മന്ത്രിയിൽ നിന്നും ഉണ്ടായതെന്ന വിമർശനവുമായി പ്രതിപക്ഷ കക്ഷിയായ തെലുങ്ക് ദേശം പാർടി രംഗത്ത് വന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആന്ധ്രയിലെ റെയിൽവേ സ്റ്റേഷനുകളിൽ രണ്ട് ബലാത്സംഗ കേസുകളാണ് റിപ്പോർട് ചെയ്തത്. ഏപ്രിൽ 16ന് ഗുരസാലാ റെയിൽവേ സ്റ്റേഷനിൽ മഹാരാഷ്ട്രയിൽ നിന്നുള്ള യുവതി ബലാത്സംഗത്തിന് ഇരയായിരുന്നു. സംഭവത്തിൽ രണ്ട് പേരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.