അർജുനെ തിരിച്ചുതന്നില്ല...
text_fieldsഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ നടത്തിയ മുങ്ങിത്തിരച്ചിൽ രണ്ടാം ദിനവും വിഫലം. രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറച്ച ദൗത്യസംഘം പതിയെ പിൻവാങ്ങിത്തുടങ്ങിയതോടെ അർജുനുവേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഇന്നലെയും ഉത്തരമായില്ല. തിങ്കളാഴ്ചത്തേക്ക് പതിമൂന്നു ദിവസമായി അർജുനെ കാണാതായിട്ട്.
ഗംഗാവാലി പുഴയിലുള്ള ഭീമൻ ലോറിയുടെ സ്ഥാനംപോലും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് നടന്ന തിരച്ചിലും എങ്ങുമെത്തിയില്ല. നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്ത പുഴയിൽ മലയിടിഞ്ഞുവീണ മണ്ണിന്റെയും മരക്കൂട്ടങ്ങളുടെയും കൂന ഉയർന്നുകണ്ടുതുടങ്ങി. പക്ഷേ, പുഴയുടെ രൗദ്രഭാവം മാറിയിട്ടില്ല. ‘‘ഇനിയും ആഴത്തിൽ മുങ്ങിയാൽ താനും തിരികെ വരില്ല. അത്രക്കും ഒഴുക്കുണ്ട്. അടിയൊഴുക്കിന് 60 കിലോമീറ്റർ വേഗമുണ്ട്. ആഴത്തിൽ വൈദ്യുതിത്തൂണിന്റെ സ്റ്റേ വയർ മരത്തിൽ ചുറ്റിക്കിടക്കുന്നുണ്ട്, മരക്കഷണങ്ങളുമുണ്ട്. ചളിയും മണ്ണും മൂടിക്കിടക്കുന്ന അവയുടെ അകത്തേക്ക് കയറാൻ കഴിയില്ല. ലോറി അതിനകത്തുണ്ടെന്ന് ഉറപ്പുവരുത്തണമെങ്കിൽ അകത്തുകയറണം’’ -മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു.
ഞായറാഴ്ച രാവിലെ തിരച്ചിൽ മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് കേരള വനംമന്ത്രി എ.കെ. ശശീന്ദ്രൻ, കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ, ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയ എന്നിവർ തമ്മിൽ കൂടിയാലോചന നടത്തി. തിരച്ചിൽ മുന്നോട്ടുപോകണമെന്ന നിലപാടിൽ കേരളം ഉറച്ചുനിന്നു. എന്നാൽ, കേരള-കർണാടക പ്രതിനിധികൾ തമ്മിലുള്ള ധാരണയനുസരിച്ചുള്ള പുതിയ സംവിധാനങ്ങളൊന്നും എത്തിക്കാൻ കഴിയാത്ത സാഹചര്യം കർണാടക സർക്കാർ അറിയിച്ചു.
പ്രധാനമായത് മണ്ണ് നീക്കാനുള്ള തഗ് ബോട്ട് ഗോവയിൽനിന്ന് എത്തിക്കാനുള്ള തീരുമാനമാണ്. മൺകൂനകൾ നീക്കിയാൽ ലോറി കണ്ടെത്താമെന്നാണ് കരുതുന്നത്. തഗ് ബോട്ട് കൊണ്ടുവരാനുള്ള റോഡിൽ രണ്ടു പാലങ്ങൾ പൊളിക്കേണ്ടിവരുമെന്നതാണ് തടസ്സമെന്ന് കൃഷ്ണ സെയിൽ പറഞ്ഞു. തിരച്ചിൽ തുടരുമെന്ന് രാത്രിയോടെ എം.എൽ.എ അറിയിച്ചു. തിരച്ചിൽ നിർത്തുന്നതിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ് വിമർശനമുയർത്തിയിരുന്നു.
പിന്നീട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചിരുന്നു. തിരച്ചിൽ സുഗമമാക്കാൻ തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രഡ്ജിങ് മെഷീൻ റോഡ് മാർഗം എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നാവികസേന ഷിരൂരിൽനിന്ന് ഏതാണ്ട് കളമൊഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.