ലളിതജീവിതമാണ് നയിക്കുന്നത്, നിയമനടപടികൾക്ക് പണം കണ്ടെത്തിയത് ആഭരണം വിറ്റാണെന്ന് അനിൽ അംബാനി
text_fieldsലണ്ടന്‍: താൻ ഇപ്പോൾ ജീവിക്കുന്നത് ഭാര്യയുടേയും കുടുംബത്തിന്‍റെയും ചെലവിലാണെന്ന് റിലയൻസ് എ.ഡി.എ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി. നിയമ നടപടികള്‍ നടത്താന്‍ ആഭരണം വിറ്റാണ് പണം കണ്ടെത്തിയതെന്നും ലണ്ടനിലെ കോടതിയിൽ അനില്‍ അംബാനി പറഞ്ഞു.
ലളിത ജീവfതമാണു നയിക്കുന്നത്. ഒരു കാർ മാത്രമേ ഉള്ളു. ലക്ഷ്വറി കാർ ആയ റോൾസ് റോയ്‌സ് ഉണ്ടെന്ന് പറയുന്നത് തെറ്റായ വാർത്തയാണ്. താനും ഭാര്യയും ഇപ്പോള്‍ ഒരു ആര്‍ഭാടവുമില്ലാതെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ചൈനീസ് ബാങ്കുകളിൽനിന്ന് അനിൽ അംബാനി 2012 ഫെബ്രുവരിയിൽ എടുത്ത 700 മില്യൻ ഡോളർ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിൽ, വിഡിയോ കോൺഫറൻസ് വഴി ഹാജരായിക്കൊണ്ടാണ് അനിൽ അംബാനി തന്‍റെ സാമ്പത്തികനിലയെക്കുറിച്ച് വിവരിച്ചത്.
61 വയസായ താൻ വളരെ അച്ചടക്കത്തോടെയാണ് ജീവിക്കുന്നതെന്നും മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ലെന്നും ആഢംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനിൽ അംബാനി പറഞ്ഞു.
ആഭരണങ്ങൾ വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി ഒന്നും അവശേഷിക്കുന്നില്ല. വായ്പയെടുത്ത വകയിൽ അനിൽ അംബാനി 5,281 കോടി രൂപ തിരിച്ചടക്കണമെന്ന് 2020 മേയ് 20ന് യു.കെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകൾക്കു കോടതിച്ചെലവായി ഏഴ് കോടി നൽകാനും കോടതി നിർദേശിച്ചു. പണം നൽകാത്തതിനാൽ ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് അനിൽ അംബാനി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
മൊഴിയെടുക്കുന്നത് രഹസ്യമാക്കിവെക്കണമെന്ന അനിൽ അംബാനിയുടെ ആവശ്യം കോടതി നിരാകരിച്ചു.
വിഡിയോ കോൺഫറൻസിലൂടെ നടന്ന ക്രോസ് വിസ്താരത്തിൽ അനിൽ അംബാനി പറഞ്ഞ പ്രധാന കാര്യങ്ങൾ
ലളിതവും ചിട്ടയുള്ളതുമായ ജീവിതശൈലിയാണ് എന്‍റേത്. ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നൽകുന്നത്. മറ്റു വരുമാനം ഇല്ല.
കഴിഞ്ഞ ജനുവരി– ജൂണിൽ ആഭരണങ്ങൾ വിറ്റ് 9.9 കോടി രൂപ ലഭിച്ചെങ്കിലും എല്ലാം ചെലവായി.
ആഡംബര കാറുകളെപ്പറ്റിയുള്ള വാർത്തകൾ അതിശയോക്തിപരമാണ്. സ്വന്തമായി റോൾസ് റോയ്സ് ഇല്ല. ആകെ ഒരു കാറേ ഉള്ളൂ.
അമ്മയോടും മകനോടും പോലും കടക്കാരനാണ്. അമ്മ കോകിലയ്ക്കു 486 കോടി രൂപയും മകൻ അൻമോലിനു 302 കോടി രൂപയും കൊടുക്കാനുണ്ട്.
ലണ്ടൻ, കലിഫോർണിയ, ബെയ്ജിങ് എന്നിവിടങ്ങളിൽ എന്‍റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തിയത് അമ്മയാണ്.
കുടുംബത്തിന്‍റെ കലാശേഖരം ഭാര്യ ടീന അംബാനിയുടെ പേരിലാണ്. ഉല്ലാസ നൗക കുടുംബാംഗങ്ങളുടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.