പതഞ്ജലിയുടെ കോവിഡ് മരുന്നിന് പിന്തുണ; കേന്ദ്ര ആരോഗ്യമന്ത്രിയെ വിമർശിച്ച് അനിൽ ദേശ്മുഖ്
text_fieldsമുംബൈ: ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ കോവിഡ് മരുന്നായ കോറോണിലിനെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി ഹർഷ വർധൻ ഉൾപ്പടെയുള്ളവരെ വിമർശിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്.
'കോവിഡ് -19നുള്ള ആദ്യത്തെ തെളിവ് അടിസ്ഥാനമാക്കിയുള്ള മരുന്ന്' എന്ന പ്രചരണവുമായാണ് പതഞ്ജലി കൊറോണിൽ പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍റെ സാന്നിധ്യത്തിലായിരുന്നു വെള്ളിയാഴ്ച ചടങ്ങ്.
രണ്ട് മുതിർന്ന കേന്ദ്രമന്ത്രിമാർ കൊറോണിലിന് പിന്തുണയുമായെത്തിയത് വളരേ നിന്ദ്യമാണെന്ന് അനിൽ ദേശ്മുഖ് കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ ഹർഷ് വർധൻ, നിധിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയാണ് പതഞ്ജലി കൊറോണിൽ പുറത്തിറക്കിയത്.
ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാകാതെ കോറോണിൽ മരുന്നിന്‍റെ വിൽപന മഹാരാഷ്ട്രയിൽ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പതഞ്ജലി കോവിഡിനുള്ള മരുന്നായി വിപണിയിലിറക്കിയ കൊറോണിലിന്‍റെ ആധികാരികതയെ കുറിച്ച് ഐ.എം.എ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ലോകാരോഗ്യ സംഘടന, ഐ.എം.എ തുടങ്ങിയ സംഘടനകളുടെ അംഗീകാരമില്ലാതെ മരുന്നിന് അനുമതി നൽകാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
രാംദേവിന്‍റെ അവകാശവാദത്തേയും മന്ത്രി ചടങ്ങിൽ പങ്കെടുത്തതിനേയും വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. വ്യാജമായി കെട്ടിച്ചമച്ചതും അശാസ്ത്രീയവുമായ ഒരു ഉൽപ്പന്നം രാജ്യത്തിന് മുന്നിൽ ആരോഗ്യമന്ത്രി എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് ഐ.എം.എ ചോദിച്ചു. ഹർഷ് വർധേന്റയും മറ്റൊരു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും സാന്നിധ്യത്തിലായിരുന്നു കൊറോണിൽ അവതരിപ്പിച്ചത്.
കൊറോണിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായും ബാബാ രാംദേവ് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇതിനെതിരായി ഡബ്ല്യു.എച്ച്.ഒ ട്വീറ്റ് ചെയ്തിരുന്നു. 'കോവിഡ്-19 ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഒരു പരമ്പരാഗത മരുന്നും അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്' ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ ട്വീറ്റ് ചെയ്തു.
ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിൽപ്പന ആരംഭിച്ച 'രഹസ്യ മരുന്നി' നായി ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനെന്ന നഗ്നമായ നുണ പ്രചരിപ്പിക്കുന്നത് ഞെട്ടിപ്പിക്കുന്നതായി ഐഎംഎ പറഞ്ഞു. ഇതുസംബന്ധിച്ച് മന്ത്രി രാജ്യത്തിനോട് വിശദീകരണം നടത്തണമെന്നും ഐഎംഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
'രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയിൽ ഇത്തരം തെറ്റായ കാര്യങ്ങൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് എത്ര ഉചിതവും യുക്തിസഹവുമാണ്? വ്യാജമായി കെട്ടിച്ചമച്ച അശാസ്ത്രീയ ഉൽപ്പന്നം ജനങ്ങൾക്ക് പുറത്തിറക്കുന്നത് എത്രത്തോളം ന്യായമാണ്? രാജ്യത്തെ ആരോഗ്യമന്ത്രി ഒരു മോഡേൺ മെഡിസിൻ ഡോക്ടറായിരിക്കെ ഇത് പ്രോത്സാഹിപ്പിക്കുന്നത് എത്ര ധാർമികമാണെന്നും' ഐ.എം.എ ചോദിക്കുന്നു. കോവിഡിന് കൊറോണിൻ ഫലപ്രദമായിരുന്നുവെങ്കിൽ വാക്സിനേഷനായി സർക്കാർ 35,000 കോടി രൂപ ചെലവഴിച്ചത് എന്തുകൊണ്ടാണെന്നും ഐ.എം.എ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.