ഹൈകോടതി ഉത്തരവ് ചുവപ്പുകൊടിയായത് അനിൽ ദേശ്മുഖിന്റെ മന്ത്രിപദത്തിലെ ജൈത്രയാത്രക്ക്
text_fieldsമുംബൈ: ഹൈകോടതി ഉത്തരവ് ചുവപ്പുകൊടിയായത് അനിൽ ദേശ്മുഖിന്റെ മന്ത്രി പദങ്ങളിലെ ജൈത്രയാത്രക്ക്. 1995ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയതു മുതൽ 2014ലൊഴികെ മന്ത്രിപദങ്ങൾ വഹിച്ചുവരുകയായിരുന്നു 70കാരനായ ദേശ്മുഖ്.
1995ൽ നാഗ്പുരിലെ കാടോൽ നിയമസഭ മണ്ഡലത്തിൽ സ്വതന്ത്രനായി ജയിച്ച ദേശ്മുഖ് അന്ന് മനോഹർ ജോഷിയുടെ ശിവസേന-ബി.ജെ.പി സഖ്യ സർക്കാറിൽ സഹമന്ത്രിയായാണ് തുടക്കം. 1999ൽ ശരദ് പവാർ എൻ.സി.പി രൂപവത്കരിച്ചതു മുതൽ ഒപ്പംചേർന്ന ദേശ്മുഖ് വിശ്വസ്ഥനായി കൂടെയുണ്ട്.
അന്നത്തെ കോൺഗ്രസ്, എൻ.സി.പി സഖ്യ സർക്കാറിൽ ആദ്യം സഹമന്ത്രിയായി. രണ്ടു വർഷത്തിനുശേഷം വിദ്യാഭ്യാസ, കായിക വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായി ഉയർത്തി. 2004 ലെയും 2009 ലെയും കോൺഗ്രസ്, എൻ.സി.പി സഖ്യ സർക്കാറിൽ പൊതുമരാമത്ത്, ഭക്ഷ്യ പൊതുവിതരണ മന്ത്രി പദവി വഹിച്ചു.
2014 ൽ അനന്തരവൻ ആശിഷ് ദേശ്മുഖിനോട് തോറ്റു. അന്നത്തെ ഫഡ്നാവിസിെൻറ ബി.ജെ.പി സർക്കാറിൽ മാത്രമാണ് മന്ത്രിയാകാത്തത്. 2019ൽ കാടോൽ തിരിച്ചുപിടിച്ച ദേശ്മുഖിനെ പവാറാണ് ആഭ്യന്തര വകുപ്പ് ഏൽപിച്ചത്.
ദദ്ര നാഗർ ഹവേലി എം.പി മോഹൻ ദേൽകറുടെ ആത്മഹത്യ കേസിൽ അവിടത്തെ അഡ്മിനിസ്ട്രേറ്ററും പ്രധാനമന്ത്രിയുടെ വിശ്വസ്ഥനുമായ പ്രഫുൽ പട്ടേലിനെതിരെ ആത്മഹത്യാ പ്രേരണ കേസെടുപ്പിച്ചതു മുതൽ ബി.ജെ.പിയുടെ നോട്ടപ്പുള്ളിയായിരുന്നു ദേശ്മുഖ്.
ഉദ്ധവ് താക്കറെ മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടിവന്ന രണ്ടാമത്തെ മന്ത്രിയാണ് ദേശ്മുഖ്. ടിക്ടോക് താരം പൂജ ചവാെൻറ ആത്മഹത്യയെ തുടർന്ന് ശിവസേന നേതാവായ സഞ്ജയ് റാത്തോഡിനും രാജിവെക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.