'കാണാതായ രാത്രി അങ്കിത കരഞ്ഞുകൊണ്ട് റിസോർട്ടിലെ പാചകക്കാരനെ വിളിച്ചു'; ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാണാതായ രാത്രി പ്രധാന പാചകക്കാരനെ അങ്കിത കരഞ്ഞുകൊണ്ട് വിളിച്ചിരുന്നതായി റിസോർട്ടിലെ ജീവനക്കാരനായ മൻവീർ സിങ് ചൗഹാൻ വെളിപ്പെടുത്തി.
'അങ്കിത കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു, അവളുടെ ബാഗ് കൊണ്ടുവരാൻ പറഞ്ഞു. ബാഗ് റോഡിൽ കൊണ്ടുവെക്കാൻ അവൾ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ, ജീവനക്കാരിലൊരാൾ ബാഗുമായി ചെന്നപ്പോൾ അങ്കിതയെ കണ്ടില്ല' -മൻവീർ ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു. സെപ്റ്റംബർ 18ന് ഉച്ചക്ക് മൂന്നിനാണ് അങ്കിതയെ അവസാനമായി റിസോർട്ടിൽ കണ്ടതെന്നും മൻവീർ പറഞ്ഞു.
പിന്നീട് മൂന്നുപേർക്കൊപ്പമാണ് അങ്കിത റിസോർട്ടിൽനിന്ന് പുറത്തു പോയത്. രാത്രി ഒമ്പതിന് സംഘം തിരിച്ചെത്തിയെങ്കിലും അക്കൂട്ടത്തിൽ അങ്കിത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സംഘത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് റിസോർട്ട് മാനേജർ കൂടിയായ അങ്കിത് ഗുപ്ത കിച്ചണിൽ വന്ന് നാലുപേർക്ക് ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു.
അങ്കിതയുടെ ഭക്ഷണം താൻ കൊടുത്തോളാമെന്നും ഇയാൾ പറഞ്ഞു. എന്നാൽ, ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും അങ്കിത നേരത്തെ തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നും മൻവീർ കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ 'വനതാര' റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു 19കാരിയായ അങ്കിത ഭണ്ഡാരി.
ശനിയാഴ്ച രാവിലെ സമീപത്തെ ഒരു കനാലിൽനിന്നാണ് അങ്കിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ ലൈംഗിക ആവശ്യങ്ങൾക്കു വഴങ്ങാത്തതാണെന്ന് കുടുംബം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.