റിസോർട്ടിലെ കൊലപാതകം: മരിച്ച പെൺകുട്ടിയെ അപമാനിച്ചു; ആർ.എസ്.എസ് നേതാവിനെതിരെ കേസ്
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസോർട്ട് റിസപ്ഷനിസ്റ്റിനെ കുറിച്ച് മോശം പരാമർശം നടത്തിയ ആർ.എസ്.എസ് നേതാവ് വിപിൻ കർൻവാളിനെതിരെ പൊലീസ് കേസ് രജിസ്റ്റർചെയ്തു.
വിശക്കുന്ന കാടൻ പൂച്ചകൾക്ക് കിട്ടിയ പച്ചപ്പാലായിരുന്നു 19 കാരിയായ അങ്കിത ഭണ്ഡാരിയെന്നായിരുന്നു വിപിന്റെ പരാമർശം. പെൺകുട്ടിയുടെ മരണത്തിനുത്തരവാദി പിതാവാണെന്നും വിപിൻ ആരോപിച്ചിരുന്നു. സമൂഹത്തിൽ വിദ്വേഷം പരത്താൻ ശ്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമെതിരെ ഡെറാഡൂണിലെ റെയ്‍വാല പൊലീസാണ് വിപിനെതിരെ കേസ് രാജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിപിൻ പരാമർശങ്ങൾ നടത്തിയത്. പോസ്റ്റ് പിന്നീട് പിൻവലിച്ചു.
'മെഴുകുതിരി തെളിയിച്ചുള്ള പ്രതിഷേധങ്ങൾക്കോ കടകൾ അടച്ചുപൂട്ടാനോ ഞാൻ പോകില്ല. പരസ്യമായി വ്യഭിചാരം നടക്കുന്ന ഇടത്തേക്ക് 19 കാരിയായ പെൺകുട്ടിയെ ജോലിക്കയച്ച് ആ പണം കൊണ്ട് തിന്ന പിതാവും സഹോദരനുമാണ് ഉത്തരവാദികൾ. വിശക്കുന്ന കാടൻ പൂച്ചകൾക്ക് മുന്നിൽ പച്ചപ്പാൽ കൊണ്ടുവെച്ച അവരാണ് പ്രധാന പ്രതികൾ- എന്ന് ഹിന്ദിയിലായിരുന്നു കർനാളിന്റെ പോസ്റ്റ്.
സാമൂഹിക പ്രവർത്തകൻ വിജയ്പാൽ റാവത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കർൻവാളിനു വേണ്ടി തെരച്ചിൽ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.
19 കാരിയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ സെപ്റ്റംബർ 19 മുതൽ കാണാതായിരുന്നു. സെപ്റ്റംബർ 24 ന് ഋഷികേശിലെ കനാലിൽ നിന്ന് അവരുടെ മൃതദേഹം ലഭിച്ചു.
പെൺകുട്ടിയെ മറ്റുപുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ റിസോർട്ടുടമ നിർബന്ധിപ്പിച്ചുവെന്ന് ആരോപണമുണ്ട്. അത് എതിർത്തതിനാണ് കൊലപാതകം നടത്തിയത്. ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് റിസോർട്ട് ഉടമ. പുൽകിതിനെയും റിസോർട്ടിന്റെ മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവരെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.