അർജുന് വേണ്ടി പ്രതീക്ഷയോടെ... ഇന്ന് നിർണായകം, ലോറിയുള്ളത് നദിയിൽ 15 മീറ്റർ താഴ്ചയിൽ
text_fieldsഷിരൂർ: ഉത്തര കന്നഡ ഷിരൂർ അംഗോല ദേശീയപാത 66ൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ (30) കണ്ടെത്താനായി ഇന്ന് നിർണായക തിരച്ചിൽ. അർജുന്‍റെ ലോറി ഗംഗാവലി നദിയിലുണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും കാരണം രക്ഷാപ്രവർത്തനം തുടരാനായിരുന്നില്ല. രക്ഷാപ്രവർത്തനത്തിന്‍റെ പത്താം ദിനമായ ഇന്ന് നാവികസേനയുടെ ഡൈവർമാർ നദിയിലിറങ്ങി ലോറിക്ക് സമീപമെത്താനുള്ള ശ്രമം നടത്തും.
കരയിൽ നിന്ന് 40 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ചയിലാണ് അർജുന്‍റെ ലോറിയുള്ളതായി ഇന്നലെ കണ്ടെത്തിയത്. നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിലാണ് ലോറിയുള്ളത്. ലോറിക്കുള്ളിൽ ആരെങ്കിലുമുണ്ടോ എന്ന കാര്യമാണ് ഇന്ന് ആദ്യം പരിശോധിക്കുക. ഉണ്ടെങ്കിൽ പുറത്തെടുത്ത ശേഷമാകും ലോറി ഉയർത്തുക. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാണ്. എത്രത്തോളം മണ്ണ് നദിയിൽ ലോറിക്ക് മുകളിലുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുള്ളു. കര-നാവിക സേനകളും എൻ.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. കൂടുതൽ വലിയ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് ഒരുക്കം. അത്യാധുനിക ഡ്രോണുകൾ ഇന്നത്തെ പരിശോധനക്കുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.