ഷിരൂർ മണ്ണിടിച്ചിൽ: അര്‍ജുന് വേണ്ടി നദി കേന്ദ്രീകരിച്ച് സൈന്യത്തിന്‍റെ തിരച്ചിൽ
text_fieldsബംഗളൂരു/ മംഗളൂരു: രക്ഷാപ്രവർത്തനം ഏഴുദിവസം പിന്നിട്ടിട്ടും ഉത്തര കന്നട ജില്ലയിലെ ഷിരൂർ മണ്ണിടിച്ചിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുനെ (30) കണ്ടെത്താനായില്ല. കരയിലെ തിരച്ചിൽ പൂർണമായും അവസാനിപ്പിച്ച സൈന്യം കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് നദി കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് നദിയിൽ നടത്തിയ റഡാർ പരിശോധനയിൽ കരയിൽനിന്ന് 28 മീറ്റർ മാറി സിഗ്നൽ ലഭിച്ചത് കേന്ദ്രീകരിച്ചാണ് പരിശോധന.
ദുരന്തത്തിൽ എട്ട് മൃതദേഹങ്ങളാണ് ഇതിനകം കണ്ടെത്തിയത്. ഇന്നലെ തിരച്ചിലിനിടെ വയോധികയുടെ മൃതദേഹം കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്ന് 12 കി.മീ അകലെ ഗോകർണത്തിന് സമീപത്താണ് ഗംഗാവാലി നദിയുടെ മറുകരയിൽനിന്ന് കാണാതായ സന്ന ഹനുമന്തപ്പയുടെ (65) മൃതദേഹം കണ്ടെടുത്തത്. മണ്ണിടിഞ്ഞ് വൻതോതിൽ നദിയിൽ പതിച്ചപ്പോൾ മറുകരയിൽ വെള്ളം ഉയരുകയും നദി ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായത്.
സംഭവം നടന്നതിന്റെ മൂന്നാം ദിവസം അംഗോലയിൽനിന്ന് 40 കിലോമീറ്റർ അകലെ ഗോകർണയിൽനിന്ന് തമിഴ്നാട് സ്വദേശികളായ എം. മുരുഗൻ (45), കെ.സി. ചിന്ന (55) എന്നീ ടാങ്കർ ലോറി ഡ്രൈവർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മണ്ണിനൊപ്പം ഗംഗാവാലി നദിയിൽ പതിച്ച ടാങ്കർ ലോറി ഡ്രൈവർമാരായ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. ഇവരുടെ ടാങ്കർ ഏഴു കിലോമീറ്റർ അകലെ നദിയിൽ കണ്ടെത്തുകയും പാചകവാതകം ഒഴിവാക്കി കരയിൽ കയറ്റുകയും ചെയ്തിരുന്നു.
ദേശീയപാതയോരത്ത് ഹോട്ടൽ നടത്തിവന്ന കെ. ലക്ഷ്മണ നായ്ക (47), ഭാര്യ ശാന്തി നായ്ക (36), ഇവരുടെ മക്കളായ റോഷൻ (11), അവന്തിക (ആറ്) എന്നിവരുടെ മൃതദേഹങ്ങളാണ് സംഭവസ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഗംഗാവാലി പുഴയിൽ നടത്തിയ തിരച്ചിലൊഴിച്ചാൽ കനത്ത മഴയും കാറ്റും മൂലം കാര്യമായ രക്ഷാപ്രവർത്തനം പിന്നീട് നടന്നില്ല. പുഴയിലെ അപകടകരമായ സാഹചര്യത്തിൽ ഏതുരീതിയിൽ ദൗത്യം തുടരണമെന്നതുസംബന്ധിച്ച വിദഗ്ധ തീരുമാനത്തിനായി അധികൃതർ കാത്തിരിക്കുകയാണ്.
അതേസമയം, ടാങ്കർ ലോറി പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും അത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തര കന്നട എസ്.പി അറിയിച്ചു. ഷിരൂർ മേഖലയിൽ മലയിടിച്ചിൽ തുടരുന്നത് തടയാൻ സംരക്ഷണ ഭിത്തി കെട്ടാൻ ആരംഭിച്ചിട്ടുണ്ട്. റോഡിലെ മണ്ണ് പൂർണമായും നീക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.