ഒരു തുമ്പും കിട്ടിയില്ല; അർജുനായി എട്ടാംദിവസവും തിരച്ചിൽ തുടരുന്നു
text_fieldsഅങ്കോല: ഉത്തര കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ എട്ടാംദിവസവും തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.
കരയിലെ മണ്ണ് മാറ്റിയുള്ള പരിശോധന പൂർണമായും അവസാനിപ്പിച്ചു. ഗംഗാവാലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്താണ് മുങ്ങൽവിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് ശക്തമായ ഒഴുക്കുണ്ട്. അതിനാൽ നാവികസേനയിലെ മുങ്ങൽ വിദഗ്ധർക്ക് ഇറക്കാൻ സാധിക്കുന്നില്ല.
തീരത്തോട് ചേർന്ന മൺകൂനകൾ ഒഴുക്കിക്കളയാനും ശ്രമം നടക്കുന്നുണ്ട്. ബോറിങ് യന്ത്രം ഉപയോഗിച്ച് ആഴത്തിൽ തുരന്നുള്ള പരിശോധനയും നടക്കുന്നുണ്ട്. തിരച്ചിലിനായി പുതിയ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. ട്രക്ക് ഒഴുകിപ്പോയിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാദൗത്യം നടത്തുന്നവർ. ചൊവ്വാഴ്ച രാവിലെ പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
അതിനിടെ, വിഷയം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കർണാടക ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. നോട്ടീസിന് ബുധനാഴ്ച തന്നെ മറുപടി നൽകാനാണ് നിർദേശം. ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും. രക്ഷാദൗത്യത്തിന്റെ ഇതുവരെയുള്ള വിവരങ്ങൾ സർക്കാർ കോടതിയെ അറിയിച്ചു.
ജൂലൈ 16നാണ് കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിൽ അർജുൻ അപകടത്തിൽ പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.