ഷിരൂർ ദൗത്യം തുടരും: തെരച്ചിലിന് തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ കൊണ്ടുവരും
text_fieldsഷിരൂർ (കർണാടക): ഷിരൂർ അങ്കോളയിൽ മണ്ണിടിഞ്ഞ് പുഴയിൽ കാണാതായ ലോറജ ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരാൻ ഉന്നതതല യോഗത്തിൽ തീരുമാനം. തെരച്ചിൽ അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ സംഭവസ്ഥലത്തെത്തിക്കുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. രണ്ടുദിവസത്തിനകം മെഷീനെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതുപയോഗിച്ചാവും തെരച്ചിൽ തുടരുക.
‘ചെളികലർന്ന് ചുവന്ന് കലങ്ങിമറിഞ്ഞതാണ് പുഴയിലെ വെള്ളം. നല്ല അടിയൊഴുക്കുമുണ്ട്. രക്ഷാപ്രവർത്തകൻ ഈശ്വർ മൽപെ രണ്ടുതവണ ഒഴുക്കിൽപെട്ടു. അവർക്ക് അടിത്തട്ടിൽ ഒന്നും കാണാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ തെരച്ചിൽ പ്രയാസമേറിയതാണ്’ -സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അതേസമയം, ഡ്രഡ്ജിങ് മെഷീനിന് ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തിൽ പ്രവർത്തിക്കാൻ കഴിയുമോ എന്നതും സംശയകരമാണ്. ഇതിനായി ടെക്നീഷ്യൻ വന്ന് പുഴയിൽ പരിശോധന നടത്തും.
ഇന്ന് മൂന്ന് മണിയോടെ തെരച്ചിൽ നിർത്താനായിരുന്നു നീക്കമെന്നും എന്നാൽ, തെരച്ചിൽ നിർത്തരുതെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടുവെന്നും ഉന്നതതല യോഗത്തിൽ പങ്കെടുത്ത എം. വിജിൻ എം.എൽ.എ അറിയിച്ചു. അർജുന്റെ കുടുംബവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മെഷീൻ കഴിവതും വേഗം തൃശൂരിൽനിന്ന് എത്തിക്കാൻ കേരള സർക്കാർ വേണ്ടതുചെയ്യുമെന്നും യോഗത്തിൽ അറിയിച്ചു.
പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് നിർത്തിവെക്കാനായിരുന്നു കർണാടക സർക്കാറിന്റെ തീരുമാനം. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാദൗത്യം ദുഷ്കരമാണെന്ന് കാർവാർ എം.എൽ.എ പറഞ്ഞിരുന്നു. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും നേവിയും എൻ.ഡി.ആർ.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങൾ വേണമെന്നും അവ കൊണ്ടുവരാൻ ദിവസങ്ങളെടുക്കുമെന്നുമായിരുന്നു എം.എൽ.എ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.