അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
text_fieldsഷിരൂർ (കർണാടക): കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽപെട്ട മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി ഗംഗാവലി നദിയിൽ നടത്തിയ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാവികസേനയോടൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സംഘമായ ‘ഈശ്വർ മാൽപെ’ സംഘവും തിരച്ചിലിനുണ്ട്. കുത്തൊഴുക്കുള്ള നദിയിൽ ഇവർ ഒമ്പത് തവണ ഇറങ്ങി പരിശോധന നടത്തിയിരുന്നു. നദിയിൽ നാലിടങ്ങളിലായി റഡാർ സിഗ്നൽ ലഭിച്ചതിൽ നാലാമത്തെ പോയിന്‍റ് കേന്ദ്രീകരിച്ചാണ് തിരച്ചിൽ തുടരുന്നത്. തിരച്ചിൽ നാളെയും തുടരും.
അതിനിടെ, ഇന്ന് വൈകീട്ടോടെ മാൽപെ സംഘത്തിന്‍റെ തലവൻ ഈശ്വർ മാൽപെ നദിയിലിറങ്ങിയതിന് പിന്നാലെ വടം പൊട്ടി അപകടമുണ്ടായി. ഒഴുക്കിൽപെട്ട് നൂറ് മീറ്ററോളം അകലേക്ക് പോയ ഇദ്ദേഹത്തെ നാവികസേനയാണ് രക്ഷിച്ചത്. ശനിയാഴ്ച രാവിലെയാണ് മാൽപെ സംഘം അങ്കോലയിലെത്തിയത്. ഉഡുപ്പിക്കടുത്ത് മാൽപെ എന്ന സ്ഥലത്തുനിന്നുള്ള മുങ്ങൽ വിഗ്ധരാണ് ഇവർ. മത്സ്യത്തൊഴിലാളികളായ ഇവർ നൂറുകണക്കിന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാവിക സേനയുമായി സഹകരിച്ചാണ് ഇവർ അങ്കോലയിൽ പ്രവർത്തിക്കുന്നത്. പ്രദേശത്തെ നദിയുടെ സ്വഭാവത്തേക്കുറിച്ച് ഇവർക്ക് കൂടുതൽ ധാരണയുണ്ടാകുമെന്ന കണക്കൂകൂട്ടലിൽ കാർവാർ എസ്.പിയാണ് ഇവരെ രക്ഷാപ്രവർത്തനത്തനത്തിനായി ക്ഷണിച്ചത്.
നദിയിൽ നാലിടങ്ങളിലായാണ് രക്ഷാപ്രവർത്തകർക്ക് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമത്തെ സ്ഥലത്താണ് പരിശോധന തുടരുന്നത്. അർജുന്‍റെ ലോറി ഈ പ്രദേശത്ത് ഉണ്ടെന്നാണ് ദൗത്യസംഘത്തിന്‍റെ വിലയിരുത്തൽ. പുഴയിലെ മൺകൂനയിലേക്ക് സംഘം രാവിലെ എത്തിയിരുന്നു. അടിയൊഴുക്കിനേക്കാൾ നദി കലങ്ങിമറിഞ്ഞ് ഒഴുകുന്നതാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിക്കടിയിലെ യാതൊന്നും തന്നെ മുങ്ങൽ വിദഗ്ധർക്ക് കാണാനാവാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.