ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് യു.എസിൽ കസ്റ്റഡിയിൽ; ഇന്ത്യക്ക് വിട്ടുനൽകിയേക്കും
text_fieldsമുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായ അൻമോൾ ബിഷ്ണോയ് യു.എസിലെ കലിഫോർണിയയിൽ പിടിയിലായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ ഇന്ത്യക്ക് വിട്ടുനൽകിയേക്കുമെന്നാണ് വിവരം. അൻമോളിനെ യു.എസിൽനിന്ന് തിരികെ എത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൻമോളിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് വരുന്നത്. അൻമോളിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം നൽകുമെന്നും എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) രജിസ്റ്റർ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനൽ കേസുകളുമാണ് അൻമോളിനെതിരെയുള്ളത്. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയിലെല്ലാം അൻമോളിനെ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം എൻ.സി.പി നേതാവ് ബാബ സിദ്ധീഖി കൊല്ലപ്പെട്ടതിനു പിന്നിലും അൻമോളിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ലോറൻസ് ബിഷ്ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അൻമോൾ, കഴിഞ്ഞ വർഷമാണ് രാജ്യം വിട്ടത്.
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം കാനഡയിലേക്കാണ് അൻമോൾ കടന്നത്. അവിടെനിന്ന് യു.എസിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇയാൾക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയ ഷൂട്ടർമാരുമായി അൻമോൾ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഏപ്രിലിൽ സൽമാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിർത്തവർക്കും നിർദേശം നൽകിയത് അൻമോളാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
അൻമോളിന്‍റെ സഹോദരൻ ലോറൻസ് നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. കൊലപാതകങ്ങൾക്കും ലഹരിമരുന്ന് വ്യാപാരത്തിനും ഉൾപ്പെടെ ലോറൻസ് ബിഷ്ണോയ് നേതൃത്വം നൽകിയെന്നാണ് കേസ്.700ലേറെ ഷൂട്ടർമാർ ഉൾപ്പെടുന്ന ഗ്യാങ് ഇയാൾക്കൊപ്പമുണ്ടെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.