ടി.വി.കെയെ പരസ്യ വിമർശനം വിലക്കി അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴക’ത്തെ (ടി.വി.കെ) പരസ്യമായി വിമർശിക്കേണ്ടെന്ന് അണ്ണാ ഡി.എം.കെ നേതൃത്വം പാർട്ടി വക്താക്കൾക്കും ഭാരവാഹികൾക്കും നിർദേശം നൽകി. വിക്കിരവാണ്ടി സമ്മേളനത്തിൽ വിജയ് തന്റെ പ്രസംഗത്തിൽ അണ്ണാ ഡി.എം.കെയെ വിമർശിച്ചിരുന്നില്ല. ഇതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നും ഘടകകക്ഷികൾക്ക് അധികാരം പകർന്നുനൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. നിയമസഭ പൊതുതെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കിനിൽക്കവെ വിജയിയെ പിണക്കേണ്ടതില്ലെന്നാണ് അണ്ണാ ഡി.എം.കെ തീരുമാനം. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ശക്തമായ മുന്നണിയെ പരാജയപ്പെടുത്താൻ ടി.വി.കെയുമായി സഖ്യം പ്രയോജനപ്പെടുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വത്തിന്റെ വിലയിരുത്തൽ.
പുതിയ സാഹചര്യത്തിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പാർട്ടി ജില്ല സെക്രട്ടറിമാരുടെ പ്രത്യേക യോഗം ഈ മാസം ആറിന് ചെന്നൈയിൽ വിളിച്ചുകൂട്ടിയിട്ടുണ്ട്. ഡിസംബറിൽ പാർട്ടി ജനറൽ കൗൺസിലും നടക്കാനിരിക്കുകയാണ്. ടി.വി.കെ പ്രഥമ സമ്മേളനത്തിൽ വിജയ് അണ്ണാ ഡി.എം.കെ സ്ഥാപകനായ എം.ജി.ആറിനെ പ്രകീർത്തിച്ചതും സി.എൻ. അണ്ണാദുരൈയുടെ രാഷ്ട്രീയാദർശങ്ങൾ പിന്തുടരുമെന്ന് പ്രഖ്യാപിച്ചതും വിഘനവാദ രാഷ്ട്രീയം, കുടുംബവാഴ്ച, അഴിമതി തുടങ്ങിയവ ഉയർത്തിക്കാട്ടി ബി.ജെ.പി, ഡി.എം.കെ കക്ഷികളെ രൂക്ഷമായി വിമർശിച്ചതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സഖ്യത്തിന് തയാറാണെന്ന വിജയിയുടെ പ്രഖ്യാപനം ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷികളെ ഉന്നംവെച്ചാണെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഡി.എം.കെ സഖ്യകക്ഷിയും ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് ടി. തിരുമാവളവൻ മുന്നണിയായി മത്സരിച്ച് ജയിച്ചാൽ അധികാരം പങ്കിടണമെന്ന ആവശ്യം ഉന്നയിച്ചുവരവെയാണ് വിജയ് ഇതിന് സന്നദ്ധമാണെന്ന് അറിയിച്ചത്. അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ ആറിന് ചെന്നൈയിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ വിജയിയും തിരുമാവളവനും ഒരേ വേദിയിലെത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.