വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ പത്മഭൂഷൺ മടക്കും -ഹസാരെ
text_fieldsമുംബൈ: ലോക്പാൽ, ലോകായുക്ത നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള അണ്ണാ ഹസാരെയുടെ നിരാഹാര സമരം ശക്തിയാർജിക്കുന്നു. മോദി സർക്കാർ വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി തിരികെ നൽകുമെന്ന് ഹസാരെ മുന്നറിയിപ്പ് നൽകി. ഹസാരെക്ക് പിന്തുണ അർപ്പിച്ചും സമരമുഖത്തിറങ്ങിയും കർഷകരും യുവാക്കളും സജീവമായിട്ടുണ്ട്. ഞായറാഴ്ച അഹ്മദ്നഗർ-പുണെ ദേശീയ പാത തടഞ്ഞു. തിങ്കളാഴ്ച അയ്യായിരത്തോളം കർഷകർ അഹ്മദ്നഗർ കലക്ടറേറ്റിൽ പ്രതിഷേധ സമരം നടത്താനും റാലിഗൻസിദ്ധി ഗ്രാമസഭ തീരുമാനിച്ചു. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും ഹസാരെക്ക് പിന്തുണ അറിയിച്ചു.
ഹസാരെയുടെ ജീവൻകൊണ്ട് കളിക്കരുതെന്ന് ഭരണ കക്ഷിയായ ശിവസേനയുടെ പ്രസിഡൻറ് ഉദ്ധവ് താക്കറെ സർക്കാറിന് മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീൽ, എൻ.സി.പി നേതാവ് നവാബ് മാലിക് തുടങ്ങിയവർ ഹസാരെയെ നേരിൽ കണ്ട് പിന്തുണ അറിയിച്ചു.
സമരം പിൻവലിക്കാൻ അപേഷിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ കത്തുമായി മന്ത്രി ഗിരീഷ് മഹാജൻ ഹസാരെയെ കണ്ടെങ്കിലും വിജയിച്ചില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഉത്തരവാദിയെന്ന് ഹസാരെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.