അണ്ണാ സർവകലാശാല കാമ്പസിലെ ബലാത്സംഗം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസർമാരായിരിക്കും. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ചു.
ഇരയുടെ പേരുവിവരങ്ങളടങ്ങിയ പ്രാഥമിക വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) ചോർത്തി പുറത്തുവിട്ടതിനാണ് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാൻ മദ്രാസ് ഹൈകോടതി ഉത്തരവ്. ഇരക്കും കുടുംബത്തിനും സംരക്ഷണം നൽകാനും പൊലീസിന് നിർദേശം നൽകി. പൊലീസ് വെബ്സൈറ്റിലുള്ള ഇരയുടെ വിശദാംശങ്ങളടങ്ങിയ എഫ്.ഐ.ആർ ചോർന്നത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയ കോടതി
കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്. പെൺകുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും അണ്ണാ സർവകലാശാല കുട്ടിയിൽ നിന്നും ഒരു ഫീസും ഈടാക്കരുതെന്നും കോടതി അറിയിച്ചു.
അണ്ണാ സർവകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം ഡിസംബർ 23ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ നാലാം വർഷ വിദ്യാർഥിക്കൊപ്പം നിൽക്കുമ്പോൾ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.
കേസിൽ സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരൻ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.പെൺകുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിൻമാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകൾ ചുമത്തിയാണ് ആർ.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്തും സർവകലാശാല സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.