ബാബരി മസ്ജിദ് ധ്വംസനത്തിന് മറ്റൊരു വാർഷികം കൂടി
text_fieldsന്യൂഡൽഹി: ആസൂത്രിത നീക്കങ്ങളിലൂടെ അയോധ്യയിൽ രാമക്ഷേത്ര അജണ്ടയുമായി സംഘ്പരിവാർ മുന്നോട്ടുപോകുമ്പോൾ മതേതര ഇന്ത്യയുടെ തീരാകളങ്കമായ ബാബരിധ്വംസനം കാൽ നൂറ്റാണ്ടിലേക്ക്. സംഘ്പരിവാർ രാജ്യത്ത് ഭരണത്തിലേറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് നീക്കങ്ങൾ ദ്രുതഗതിയിലാക്കുമ്പോഴാണ് വീണ്ടുമൊരു ബാബരിധ്വംസന വാർഷികം വരുന്നത്. ഇക്കാലത്തിനിടയിൽ മസ്ജിദ് തകർത്ത പ്രതികളെ ശിക്ഷിക്കാനോ പള്ളി പുനർനിർമിക്കാനോ കഴിഞ്ഞിട്ടില്ലെന്നത് ദുരന്തസ്മരണക്ക് ആഴം കൂട്ടുന്നു.
1949ൽ ഡിസംബറിലെ ഒരു രാത്രി ബാബരി മസ്ജിദിനകത്ത് ദുരൂഹ സാഹചര്യത്തിൽ വിഗ്രഹം പ്രത്യക്ഷപ്പെട്ടതോടെയാണ് രാമജന്മഭൂമി വാദമുയരുന്നത്. തർക്കമുടലെടുത്തതിനാൽ പള്ളിയിൽ നമസ്കാരത്തിന് വിലക്കേർപ്പെടുത്തി. 1980കളിൽ വിശ്വ ഹിന്ദു പരിഷത് രാജ്യ വ്യാപകമായി പ്രക്ഷോഭത്തിന് തുടക്കമിട്ടു. ഒടുവിൽ, രാജ്യമെമ്പാടുനിന്നും ആയിരക്കണക്കിന് കർസേവകരെ വിളിച്ചുവരുത്തി 1992 ഡിസംബർ ആറിനാണ് മുതിർന്ന ആർ.എസ്.എസ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ ബാബരി മസ്ജിദ് തകർത്തത്.
എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി, വിനയ് കത്യാർ അശോക് സിംഗാൾ, സാധ്വി ഋതംബര, വി.എച്ച് ദാൽമിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോർ, ആർ.വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എൽ ശർമ, നൃത്യഗോപാൽ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളാണ് പ്രധാനപ്രതികൾ.
രാമക്ഷേത്രത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ രാജ്യമൊട്ടുക്കും ഹിന്ദു സമ്മേളനങ്ങളും സെമിനാറുകളും നടത്തിവരികയാണ് സംഘ് പരിവാർ. ഡിസംബർ നാലിന് ബിഹാറിലെ പട്നയിൽ നടത്തിയ ഹിന്ദു സമ്മേളനത്തിൽ അടുത്ത ദീപാവലിക്ക് മുമ്പായി ക്ഷേത്രം യാഥാർഥ്യമാകുമെന്നാണ് പരിവാർ നേതൃത്വം പ്രഖ്യാപിച്ചത്. ഒരുഭാഗത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർന്നുകൊണ്ടിരിക്കുമ്പോൾതന്നെ മറുഭാഗത്ത് കോടതിക്ക് പുറത്ത് പേരിന് ഒരു ഒത്തുതീർപ്പ് ചർച്ചക്കായി ഒറ്റപ്പെട്ട് നിൽക്കുന്ന മുസ്ലിം സംഘടനകളെയും വ്യക്തികളെയും സമീപിക്കുന്നുണ്ട്.
മുസ്ലിം പള്ളി എവിടേക്കും മാറ്റി സ്ഥാപിക്കാമെന്നും പ്രവാചകെൻറ കാലം തൊട്ട് സൗദി അറേബ്യയിൽ ഇങ്ങനെ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ബാബരി മസ്ജിദിെൻറ കാര്യത്തിലും ആ വിട്ടുവീഴ്ച മുസ്ലിംകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നുമുള്ള വാദഗതിയാണ് കോടതിയിലും പുറത്തും സംഘ്പരിവാർ പ്രധാനമായും ഉന്നയിക്കുന്നത്. ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രമണ്യൻ സ്വാമിയാണ് ഇതിന് മുന്നിൽ.
ബാബരി മസ്ജിദിനുവേണ്ടി അപ്പീൽ നൽകിയ മുഹമ്മദ് ഹാഷിമിെൻറ എതിർകക്ഷിയായി രാമക്ഷേത്ര പക്ഷത്തുണ്ടായിരുന്ന ദേവകി നന്ദൻ അഗർവാൾ മരിച്ചപ്പോൾ ആ സ്ഥാനത്ത് തന്നെ കക്ഷിയാക്കണമെന്ന് ആവശ്യമുയർത്തിയാണ് സുബ്രമണ്യൻ സ്വാമി കേസിൽ ഇടപെട്ടു തുടങ്ങിയത്.
ഇതംഗീകരിച്ച ജസ്റ്റിസ് യു.യു. ലളിത് അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ദേവകി നന്ദൻ അഗർവാളിന് പകരം സ്വാമിയെ കക്ഷിയാക്കി. അതിന് ശേഷം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കക്ഷിയെന്ന നിലയിൽ നിരന്തരം ഇടപെടുകയാണ് അദ്ദേഹം. എന്നാൽ, കേസ് പരിഗണനക്കു വന്നപ്പോൾ ജസ്റ്റിസ് യു.യു. ലളിത് അതിൽനിന്ന് പിന്മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.