ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു ആപ് സ്ഥാനാർഥികൂടി പിന്മാറി
text_fieldsകച്ച്: ഗുജറാത്തിൽ കച്ചിലെ അബ്ഡാസയിൽ ആപ് സ്ഥാനാർഥി വസന്ത് ഖേതാനി അവസാന നിമിഷം പിന്മാറി ബി.ജെ.പി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. ദേശീയ താൽപര്യം മുൻനിർത്തി ബി.ജെ.പിക്ക് അനുകൂലമായി താൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുകയാണെന്നും ബി.ജെ.പിയിൽ ചേരുകയാണെന്നും ആപ് സ്ഥാനാർഥി പ്രഖ്യാപിച്ചു.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ആപ് സ്ഥാനാർഥി മത്സര രംഗത്തുനിന്ന് പിന്മാറുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ സൂറത്ത് മണ്ഡലത്തിലെ ആപ് സ്ഥാനാർഥി കാഞ്ചൻ ഭായ് ജാരിവാലയും പിന്മാറി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അബ്ഡാസ പേമെന്റ് സീറ്റാണെന്ന പ്രചാരണത്തിനിടയിൽ ആപ്പിനെയും പ്രവർത്തകരെയും ഒരുപോലെ നാണക്കേടിലാക്കിയാണ് സ്ഥാനാർഥിയുടെ നാടകീയ പിന്മാറ്റം.
മുസ്‍ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ആപ് സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന ആപ് ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ് കെ.കെ. അൻസാരിക്ക് പകരം പാർട്ടി നേതൃത്വം നേരിട്ടിറക്കിയ സ്ഥാനാർഥിയായിരുന്നു വസന്ത്.സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് അഞ്ചു മണിക്കൂർ മുമ്പാണ് രണ്ടു ക്രിമിനൽ കേസുകളുള്ള ഖേതാനി 'ആപി'ൽ ചേർന്നത്.
ഒരു വർഷമായി മണ്ഡലത്തിൽ പ്രചാരണം നടത്തിയ അൻസാരിക്ക് പകരമായിരുന്നു ഈ 'ഇറക്കുമതി'. തുടർന്ന് സംസ്ഥാന ട്രഷറർ എം.എം. ശൈഖിനൊപ്പം അൻസാരിയും അനുയായികളും കച്ചിൽ 'ആപി'ൽ നിന്ന് രാജിവെച്ച് കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.