യു.പി ഏറ്റുമുട്ടൽ കൊല: പിടികൂടിയശേഷം വ്യാജ ഏറ്റുമുട്ടലിൽ വധിച്ചതെന്ന് ഭാര്യ
text_fieldsപ്രയാഗ് രാജ്: മുൻ ബി.എസ്.പി എം.എൽ.എ രാജുപാൽ വധക്കേസിലെ പ്രധാന സാക്ഷി ഉമേഷ് പാൽ വധ കേസിലെ രണ്ടാമത്തെ പ്രതിയെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ. ഉസ്മാൻ എന്ന വിജയ് ചൗധരിയെയാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഉസ്മാന്‍റെ കഴുത്തിലും നെഞ്ചിലും തുടയിലും വെടിയേറ്റിരുന്നു.
പുലർച്ച 5.30ഓടെ കൗന്ധ്യാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും ധൂമംഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാർ മൗര്യ പറഞ്ഞു. എന്നാൽ, തിങ്കളാഴ്ച പുലർച്ച ഉസ്മാനെ പിടികൂടിയശേഷം പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ സുഹാനി ആരോപിച്ചു.
ഉമേഷ് പാലിനെതിരെ ആദ്യം വെടിയുതിർത്തത് ഉസ്മാൻ ആണെന്നാണ് പൊലീസ് അവകാശ വാദം. ഉമേഷ് വധക്കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനമോടിച്ച അർബാസിനെ കഴിഞ്ഞയാഴ്ച പൊലീസ് വെടിവെച്ചുകൊന്നിരുന്നു. മറ്റൊരു പ്രതി സദകത്ത് അറസ്റ്റിലാണ്.
രാജു പാൽ വധക്കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന അതീഖ് അഹ്മദിന്‍റെ കൂട്ടാളിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിനിടെ കോൺസ്റ്റബിൾ നരേന്ദ്ര പാലിന് കൈക്ക് പരിക്കേറ്റതായും പ്രാദേശിക കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചതായും അഡീഷനൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
ഉമേഷ് പാൽ വധക്കേസിൽ അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ്, ഭാര്യ ഷയ്സ്ത പർവീൻ, രണ്ടു മക്കൾ, സഹായികളായ ഗുഡ്ഡു മുസ്‍ലിം, ഗുലാം എന്നിവർക്കെതിരെ ഭാര്യ ജയ പൊലീസിൽ പരാതി നൽകിയിരുന്നു. ഉമേഷ് വധക്കേസിലെ അഞ്ചു പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
അതീഖ് അഹമ്മദ് നിലവിൽ ഗുജറാത്തിൽ തടവിലാണ്. അതേസമയം, ഷയ്സ്ത പർവീനെ കേസിൽ കുടുക്കാൻ ഉമേഷ് പാലിനെ കൊലപ്പെടുത്താൻ പ്രയാഗ് രാജ് മേയർ അഭിലാഷ ഗുപ്ത നന്ദി ഗൂഢാലോചന നടത്തിയെന്നും അതീഖ് അഹമ്മദിന്റെ സഹോദരി ആയിഷ നൂരി ആരോപിച്ചു. ഷയ്സ്ത പർവീനെ ബി.എസ്.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സർക്കാറിലെ മന്ത്രിയായിരുന്ന നന്ദ്ഗോപാൽ ഗുപ്ത നന്ദി, അതീഖ് അഹമ്മദിൽനിന്ന് കൈപ്പറ്റിയ അഞ്ചുകോടി രൂപ തിരികെ നൽകിയില്ലെന്നും നൂറി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.